കൊച്ചി: ക്വട്ടേഷന്‍ കേസില്‍ മലപ്പുറം മേലാറ്റൂരില്‍ പിടിയിലായ നിര്‍മ്മല്‍ മാധവ് ഉമ്മന്‍ചാണ്ടി എഞ്ചിനിയറിങ് കോളേജില്‍ അനധികൃത പ്രവേശനം നല്‍കിയ കെഎസ്യുകാരന്‍. 2011ലാണ് നിര്‍മ്മല്‍ മാധവ് കോഴിക്കോട് വെസ്റ്റ് ഹില്‍ ഗവ.എഞ്ചിനിയറിങ് കോളേജില്‍ പ്രവേശനം നേടിയത്. എടപ്പറ്റ സ്വദേശിയെ തമിഴ്നാട്ടിലേക്ക് തട്ടിക്കൊണ്ടുപോയ കേസിലാണ് ആലപ്പുഴ തൃക്കുന്നപ്പുഴ മംഗലം മാധവമന്ദിരത്തില്‍ നിര്‍മ്മല്‍ ഇന്നലെ പിടിയിലായത്.
അനധികൃത പ്രവേശനത്തിനെതിരെ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ സമരം ചെയ്ത വിദ്യാര്‍ഥികളെ അതിക്രൂരമായി തല്ലിചതച്ചും വെടിവെയ്പ്പിലേക്ക് വരെ എത്തിച്ചുമാണ് പൊലീസും മുഖ്യമന്ത്രിയും അന്ന് നേരിട്ടത്. സ്വാശ്രയ എഞ്ചിനിയറിങ് കോളേജ് വിദ്യാര്‍ഥിയായിരിക്കിക്കെ കോഴ്‌സ് ഉപേക്ഷിച്ച നിര്‍മ്മല്‍ മാധവിനെ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചണ്ടി കോഴിക്കോട് എഞ്ചിനീയറിങ് കോളേജില്‍ അനധികൃതമായി പ്രവേശനം നല്‍കുകയായിരുന്നു.
എന്‍ട്രന്‍സ് പരീക്ഷയില്‍ 22,784 റാങ്ക് നേടിയ നിര്‍മ്മല്‍ സ്വാശ്രയ കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനിയറിങ് കോഴ്‌സില്‍ ചേരുന്ന് ഒന്നും രണ്ടും സെമസ്റ്ററിന് ശേഷം അവിടെ നിന്നും റിലീവ് വാങ്ങി മറ്റൊരു സ്വാശ്രയ കോളേജില്‍ സിവില്‍ എഞ്ചിനിയറിങിന് ചേരുന്നു. അടുത്ത വര്‍ഷം ഉമ്മന്‍ചാണ്ടി പ്രത്യേക ഉത്തരവിറക്കി കോഴിക്കോട് ഗവ. എഞ്ചിനിയറിങ് കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനിയറിങ് അഞ്ചാം സെമസ്റ്ററിലേക്ക് നേരിട്ട് പ്രവേശനം നല്‍കുകയായിരുന്നു.
2000 റാങ്കിനുള്ളില്‍ ഉള്‍പ്പെട്ട മിടുക്കരായ വിദ്യാര്‍ഥികള്‍ പഠിക്കുന്ന ക്യാമ്പസിലേക്കാണ് 22,784 -ാം റാങ്കുകാരന്‍ പ്രവേശനം നേടിയത്. മാനേജ്‌മെന്റ്‌ക്വോട്ടയില്‍ ഉയര്‍ന്ന ഫീസ് നല്‍കി പ്രവേശനം നേടിയ നിര്‍മല്‍ മൂന്നും നാലും സെമസ്റ്ററില്‍ ഹാജരാവുകയോ പരീക്ഷ എഴുതുകയോചെയ്യാതെ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുകയായിരുന്നു. മൂന്നും നാലും സെമസ്റ്റര്‍ പരീക്ഷ എഴുതുകയോ ക്ലാസില്‍ ഹാജരാവാതിരിക്കുകയോ ചെയ്ത വിദ്യാര്‍ഥിക്ക് നിയമപരമായി അഞ്ചാം സെമസ്റ്റര്‍ പഠിക്കാന്‍ യോഗ്യതയില്ല. മാത്രമല്ല സ്വാശ്രയ കോളേജില്‍ പഠിക്കുന്ന ഒരാള്‍ക്ക് സര്‍ക്കാര്‍ കോളേജിലേക്ക് മാറാനുള്ള നടപടിയും അനുവദനീയമല്ലായിരുന്നു.