ഇസ്താംബുള്‍: സ്വീഡനില്‍ ഖുറാന്‍ കത്തിക്കാനിടയായ സംഭവത്തില്‍ കടുത്ത പ്രതികരണവുമായി തുര്‍ക്കി. ഇത്തരം പ്രതിഷേധങ്ങളെ അഭിപ്രായ സ്വാതന്ത്ര്യമെന്ന് പേരിട്ട് വിളിക്കാനാവില്ലെന്ന് പ്രസിഡന്റ് തയിപ് എര്‍ദോഗന്‍. ഖുറാന്‍ വിരുദ്ധ പ്രതിഷേധത്തിന് അനുമതി നല്‍കിയ സ്വീഡന്‍ പൊലീസ് നടപടിക്ക് രൂക്ഷമായ വിമര്‍ശനമാണ് തയിപ് എര്‍ദോഗന്‍ നടത്തിയത്.
ധിക്കാര സ്വഭാവം കാണിക്കുന്ന പാശ്ചാത്യരെ മുസ്ലിം വിശ്വാസികളുടെ വിശുദ്ധ വസ്തുക്കള്‍ അപമാനിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യമല്ലെന്ന് പഠിപ്പിക്കുമെന്ന് ഈദ് ഉല്‍ അദ ദിവസം പാര്‍ട്ടി അംഗങ്ങളോട് സംസാരിക്കുന്നതിനിടെ എര്‍ദോഗന്‍ വിശദമാക്കി. ശക്തമായ രീതിയില്‍ ഇതിനെതിരായ പ്രതിഷേധം രേഖപ്പെടുത്തുമെന്നും എര്‍ദോഗന്‍ കൂട്ടിച്ചേര്‍ത്തു. പ്രതിഷേധത്തിന് അനുമതി നല്‍കിയിരുന്നുവെങ്കിലും ഖുറാന്‍ കത്തിച്ചതിന് പിന്നാലെ പ്രതിഷേധം നടത്തിയ ആളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. നാറ്റോയിലേക്കുള്ള സ്വീഡന്റെ പ്രവേശനത്തെ പിന്തുണയ്ക്കുന്ന തുര്‍ക്കിയുമായുള്ള ബന്ധത്തില്‍ കാര്യമായ ഉലച്ചില്‍ തട്ടാന്‍ സ്വീഡനില്‍ നടക്കുന്ന ഇത്തരം പ്രതിഷേധങ്ങള്‍ കാരണമാകുമെന്നാണ് അന്താരാഷ്ട സമൂഹം വിലയിരുത്തുന്നത്.
ഇസ്ലാമിനെതിരെയും കുര്‍ദിഷ് അവകാശങ്ങള്‍ക്ക് വേണ്ടിയും സ്വീഡനില്‍ നിരവധി പ്രതിഷേധങ്ങളാണ് നടക്കുന്നത്. ഖുര്‍ആന്‍ വിരുദ്ധ പ്രകടനങ്ങള്‍ക്കായുള്ള സമീപകാല അപേക്ഷകള്‍ അടുത്തിടെ സ്വീഡിഷ് പൊലീസ് നിരസിച്ചിരുന്നു. എന്നാല്‍, അഭിപ്രായ സ്വാതന്ത്ര്യം ലംഘിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി കോടതി ഈ തീരുമാനങ്ങള്‍ അസാധുവാക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തില്‍ സംഘാടകനായ സല്‍വാന്‍ മോമിക ഉള്‍പ്പെടെ രണ്ട് പേര്‍ മാത്രമേ പങ്കെടുക്കൂ എന്നായിരുന്നു സ്റ്റോക്‌ഹോം പൊലീസ് അറിയിച്ചത്. ഖുര്‍ആന്‍ നിരോധിക്കാന്‍ ശ്രമിക്കുന്ന ഇറാഖി അഭയാര്‍ത്ഥി എന്നാണ് സല്‍വാന്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ സ്വയം വിശേഷിപ്പിച്ചത്.
ഡാനിഷ് തീവ്ര വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടിയായ ഹാര്‍ഡ് ലൈന്‍ നേതാവ് റാസ്മസ് പലുദാന്‍ കഴിഞ്ഞ ജനുവരിയില്‍ സ്റ്റോക്ക്‌ഹോമിലെ തുര്‍ക്കി എംബസിക്ക് സമീപം ഖുര്‍ആന്‍ കത്തിച്ചിരുന്നു. ഇതോടെ നാറ്റോ അപേക്ഷയില്‍ സ്വീഡനുമായുള്ള ചര്‍ച്ചകള്‍ തുര്‍ക്കി നിര്‍ത്തിവെച്ചിരുന്നു. കൂടാതെ, അങ്കാറയില്‍ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങുകയും സ്വീഡിഷ് എംബസിക്ക് പുറത്ത് സ്വീഡിഷ് പതാക കത്തിക്കുകയും ചെയ്തിരുന്നു. സൗദി അറേബ്യ, ജോര്‍ദാന്‍, കുവൈത്ത് തുടങ്ങി നിരവധി അറബ് രാജ്യങ്ങളും ഖുര്‍ആന്‍ കത്തിച്ച സംഭവത്തെ അപലപിച്ചിരുന്നു.