സ്റ്റോക്ഹോം: സ്വീഡനിലെ തുർക്കി എംബസിക്ക് മുന്നിൽ തീവ്രവലതുപക്ഷ പ്രവർത്തകർ ഖുറാൻ കത്തിച്ച സംഭവത്തിൽ പ്രതിഷേധമുയരുന്നു. ജനുവരി 21നാണ് സ്വീഡനിലെ തീവ്രവലതുപക്ഷ നേതാവ് റാസ്മസ് പലുദന്റെ നേതൃത്വത്തിൽ വലതുപക്ഷ പ്രവർത്തകർ തുർക്കി എംബസിക്ക് മുന്നിൽ വെച്ച് ഖുറാൻ കത്തിച്ച് പ്രതിഷേധിച്ചത്. തുടർന്ന് സ്വീഡിഷ് നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി തുർക്കി പ്രതിഷേധമറിയിച്ചു. നാറ്റോയിൽ അംഗമാകാനുള്ള സ്വീഡന്റെ നീക്കത്തിനും സംഭവം തിരിച്ചടിയാകും. ഖുറാൻ കത്തിക്കൽ വിവാദത്തിന് പിന്നാലെ സ്വീഡന്റെ നാറ്റോ അംഗത്വത്തെ എതിർക്കുമെന്ന് വാർത്തകൾ പുറത്തുവന്നു. സ്വീഡൻ പ്രതിരോധ മന്ത്രിയുടെ തുർക്കി സന്ദർശനവും റദ്ദാക്കി.
യുക്രൈൻ അധിനിവേശത്തെ തുടർന്ന് നാറ്റോ അംഗത്വം സ്വീഡന് അനിവാര്യമായിരുന്നു. ഖുറാന്‍ കത്തിയ്ക്കല്‍ സമരത്തോടെ സ്ഥിതിഗതികള്‍ സങ്കീര്‍ണമായി. സ്വീഡനിലെയും ഡെന്മാർക്കിലെയും തീവ്രവലതുപാർട്ടിയായ ഹാർഡ് ലൈന്റെ നേതാവായ പലുദൻ നേരത്തെയും ഖുറാൻ കത്തിക്കൽ സമരം നടത്തിയിരുന്നു. ഇസ്ലാം മത വിശ്വാസികളുടെ പുണ്യമാസമായ റമദാനിൽ ഖുറാൻ കത്തിച്ച് സമരം നടത്തുമെന്നായിരുന്നു പലുദന്റെ മുന്നറിയിപ്പ്. പലുദാന്റെ ഖുറാൻ കത്തിക്കൽ സമരത്തിന് സ്വീഡിഷ് ഭരണകൂടം പിന്തുണ നൽകിയെന്നാണ് തുർക്കിയുടെ ആരോപണം. എംബസിക്ക് മുന്നിൽ പലുദാൻ ഖുറാൻ കത്തിച്ചപ്പോൾ പൊലീസ് ശക്തമായ കാവലൊരുക്കി. ഏകദേശം ഒരുമണിക്കൂറോളം സമരം നീണ്ടു. സമരം ചെയ്യാനുള്ള തന്റെ അവകാശമാണ് വിനിയോഗിച്ചതെന്നായിരുന്നു പലുദാന്റെ പ്രതികരണം.
ഖുറാൻ കത്തിച്ച നടപടി ഇസ്ലാമോഫോബിയയുടെ ഭാഗമാണെന്നും ഇത്തരം അഭിപ്രായ സ്വാതന്ത്ര്യത്തെ അംഗീകരിക്കില്ലെന്നും തുർക്കി അറിയിച്ചു. സൗദി അറേബ്യ, ജോർദാൻ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളും സമരത്തെ അപലപിച്ച് രംഗത്തെത്തി. ഖുറാൻ കത്തിച്ചതിൽ പ്രതിഷേധിച്ച് അങ്കാറയിലെ സ്വീഡിഷ് എംബസിക്ക് പുറത്തും പ്രതിഷേധം നടന്നു. സമരത്തെ പിന്തുണക്കുന്നില്ലെന്ന് സ്വീഡിഷ് സർക്കാർ വ്യക്തമാക്കി. സ്വീഡനിലെ ജനതക്ക് ആവിഷ്‌കാര സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ എല്ലാ അഭിപ്രായങ്ങളെയും സർക്കാർ പിന്തുണക്കുന്നുവെന്ന് അർഥമില്ലെന്നും സർക്കാർ വക്താവ് പറഞ്ഞു.