ചെന്നൈ: ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ സ്‌പിന്നർമാർക്കെതിരെ ചേതേശ്വർ പുജാര സിക്സർ പറത്തിയാൽ പാതി മീശ വടിക്കുമെന്ന് വെല്ലുവിളിച്ച് ആർ. അശ്വിൻ. ഇന്ത്യൻ ബാറ്റിംഗ് കോച്ച് വിക്രം റാത്തോറുമായി സംസാരിക്കവേയാണ് ആർ അശ്വിന്റെ വെല്ലുവിളി. ഇംഗ്ലണ്ടിനെതിനെ നടക്കാനിരിക്കുന്ന പരമ്പരയിൽ മോയിൻ അലിക്കെതിരെയോ മറ്റേതെങ്കിലും സ്‌പിന്നർക്കെതിരെയോ സ്റ്റെപ്പ് ഔട്ട് ചെയ്ത് സിക്സർ പറത്തിയാൽ പാതി മീശവടിച്ച് കളിക്കാനിറങ്ങുമെന്നാണ് അശ്വിൻ വെല്ലുവിളിച്ചിരിക്കുന്നത്.
എന്നാല്‍ പുജാര വെല്ലുവിളി ഏറ്റെടുക്കാൻ സാധ്യതയില്ലെന്നും, ഇതിന് വ്യക്തമായ കാരണങ്ങളുണ്ടെന്നും റാത്തോർ പ്രതികരിച്ചു. ക്രീസിൽ പ്രതിരോധത്തിന്റെയും സഹനത്തിന്റെയും ആൾരൂപമായ പുജാര ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ ഐതിഹാസിക പരമ്പര വിജയത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായി നാല് ടെസ്റ്റുകളാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ കളിക്കുക. ചെന്നൈയില്‍ ഫെബ്രുവരി അഞ്ചിനാണ് ഒന്നാം ടെസ്റ്റ് തുടങ്ങുന്നത്. രണ്ടാം ടെസ്റ്റും ചെന്നൈയിലാണ്. അവസാന രണ്ട് ടെസ്റ്റുകൾക്ക് അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയം വേദിയാവും. ലോക ടെസ്റ്റ് ചാമ്പ്യൻഷിന്റെ ഫൈനലിൽ സ്ഥാനമുറപ്പാക്കാൻ ഇന്ത്യക്ക് ഏറെ നിർണായകമാണ് ഇംഗ്ലണ്ടിനെതിരായ പരമ്പര.
രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, മായങ്ക് അഗര്‍വാള്‍, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ (ഉപനായകന്‍), റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ, ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, വാഷിംഗ്‌ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, രവിചന്ദ്ര അശ്വിന്‍, കുല്‍ദീപ് യാദവ് എന്നിവരാണ് ടീമംഗങ്ങൾ.