പത്തനാപുരം: സാമ്പത്തിക സംവരണം നടപ്പിലാക്കിയ മുഖ്യമന്ത്രിയുടെ നിലപാട് ഇതുവരെ മുന്നോക്കക്കാരുടെ വോട്ട് വാങ്ങി പറ്റിച്ച യു.ഡി.എഫിനുള്ള മറുപടിയായിരുന്നുവെന്ന് കോരളകോണ്‍ഗ്രസ് ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണ പിള്ള.
എല്‍.ഡി.എഫ് നടപ്പിലാക്കിയത് അവരുടെ പ്രകടന പത്രികയിലുള്ള കാര്യമാണ്. എന്നാല്‍ യു.ഡി.എഫിന്റെ സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ട പ്രകടന പത്രികയിലെ വാഗ്ദാനങ്ങല്‍ അവര്‍ നടപ്പിലാക്കിയില്ലന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇത് എന്‍.എസ്.എസിനുള്ള സമ്മാനമാണെന്ന് പറയുന്നതില്‍ ശരിയല്ലെന്നും സാമ്പത്തികമായി പിന്നോക്കം ലഭിക്കുന്ന മറ്റ് മുന്നോക്കക്കാര്‍ക്കും ഇതിന്റെ ഉപകാരം ലഭിക്കുമെന്നും ബാലകൃഷ്ണ പിള്ള ചൂണ്ടിക്കാട്ടി.
സാമ്പത്തിക സംവരണം സാമൂഹിക നീതിയുടെ ഭാഗമാണ്. സാമൂഹിക നീതിയെന്നത് എല്ലാവര്‍ക്കും ലഭിക്കേണ്ട നീതിയെന്നതാണ്. ഇതിനെ എതിര്‍ക്കുന്നവര്‍ കാര്യങ്ങള്‍ പഠിച്ചിട്ട് വേണം പ്രക്ഷോഭം സംഘടിപ്പിക്കാന്‍. വിഷയത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും അഭിപ്രായം പറയണമെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു.
ആര്‍ക്ക് വേണ്ടിയും നീക്കി വെച്ച സംവരണം വെട്ടിച്ചുരുക്കിയോ എടുത്ത് കളഞ്ഞോ അല്ല കേരള സര്‍ക്കാര്‍ സാമ്പത്തിക സംവരണം നടപ്പിലാക്കിയത്. മറിച്ച് ഒരു നിശ്ചിത ശതമാനം ആളുകള്‍ക്കായി പുതിയ സംവിരണം ഏര്‍പ്പെടുത്തുകയായിരുന്നു. ഇതിന് എന്തിനാണ് എതിര്‍ക്കുന്നതെന്നും ബാലകൃഷ്ണ പിള്ള ചോദിച്ചു.
ഏതെങ്കിലും സ്ത്രീയുടെ വയറ്റില്‍ ജനിച്ചത് കൊണ്ട് അവര്‍ നന്നാവരുതെന്ന് പറയുന്നത് ദുഷിപ്പാണ്. ആരും മുന്‍കൂട്ടി ആഗ്രഹിച്ചിട്ടല്ല ഭൂമിയിലേക്ക് വരുന്നത്. അതുകൊണ്ട് തന്നെ നീതി എല്ലാവര്‍ക്കും ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ മാതൃക മറ്റ് സംസ്ഥാനങ്ങളും മാതൃകയാക്കാന്‍ പദ്ധതിയുണ്ടെന്നാണ് വാര്‍ത്തകളില്‍ നിന്നും അറിയാന്‍ കഴിയുന്നത്. ഇതില്‍ പിണറായി വിജയനെ അഭിനന്ദിക്കുകയാണെന്നും ബാലകൃഷ്ണ പിള്ള വ്യക്തമാക്കി.