സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നൈപുണ്യ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് ആര്‍ ബിന്ദു

തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകളില്‍ ഉള്‍പ്പെടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നൈപുണ്യ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. ജില്ലാ ഭരണകൂടത്തിന്റെയും കേരള ഡെവലപ്‌മെന്റ് ആന്റ് ഇനൊവേഷന്‍ സ്ട്രാറ്റജി കൗണ്‍സിലിന്റെ (കെഡിസ്‌ക്ക്) നേതൃത്വത്തില്‍ കേരള നോളജ് എക്കോണമി മിഷന്‍ തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ സംഘടിപ്പിച്ച മെഗാ ജോബ് ഫെയര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

നിലവില്‍ ഉന്നത വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച് പുറത്തിറങ്ങുന്നവര്‍ക്ക് തൊഴില്‍ കമ്പോളത്തിന് ആവശ്യമായ വൈദഗ്ധ്യത്തിന്റെ കുറവുണ്ട്. എഞ്ചിനീയറിംഗ് വിദ്യാഭ്യാസ രംഗത്ത് പ്രശ്‌നം വളരെ രൂക്ഷമാണ്. ഇത് പരിഹരിക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വൈദഗ്ധ്യ പോഷണ കേന്ദ്രങ്ങള്‍ സ്ഥാപിച്ച് വിദ്യാര്‍ഥികളെ തൊഴില്‍ സജ്ജരാക്കും.

സര്‍വകലാശാലകളെ ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണ കേന്ദ്രമെന്നതിലപ്പുറം, വിദ്യാര്‍ഥികളില്‍ ജീവിതത്തെ ആത്മവിശ്വാസത്തോടെ സമീപിക്കാനുള്ള കരുത്ത് പകരുന്ന കേന്ദ്രങ്ങളാക്കി മാറ്റും. ഇതിനായി അന്താരാഷ്ട്ര ഏജന്‍സികളുമായി കൈകോര്‍ക്കുമെന്നും മന്ത്രി പറഞ്ഞു.

 

Top