ജനാധിപത്യക്രമമനുസരിച്ച് ഓർഡിനൻസിൽ ഗവർണർ ഒപ്പിടണമെന്ന് ആർ ബിന്ദു

തിരുവനന്തപുരം: മന്ത്രിസഭ അംഗീകരിച്ച ഓർഡിനൻസിൽ ഗവർണർ ഒപ്പിടുന്നതല്ലേ മര്യാദയെന്ന് മന്ത്രി ആർ. ബിന്ദു. ജനാധിപത്യക്രമമനുസരിച്ച് ഗവർണർ ഒപ്പിടണം. ഓർഡിനൻസ് ആർക്കും എതിരാണെന്ന് വ്യാഖ്യാനിക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

‘ഓർഡിനൻസിൽ മന്ത്രിസഭ തീരുമാനിച്ച് നൽകുമ്പോൾ ഒപ്പിടുന്നതല്ലേ മര്യാദ. ജനാധിപത്യ നടപടിക്രമമനുസരിച്ച് അങ്ങനെ ചെയ്യേണ്ടതാണ്. ആർക്കും എതിരാണ് എന്നവിഷയം വരുന്നില്ല. വിശാലമായിട്ടാണ് ഇതിനെ കാണേണ്ടത്, അങ്ങനെ കാണുമെന്ന് പ്രതീക്ഷിക്കാം’ മന്ത്രി പറഞ്ഞു.

ഓർഡിനൻസ് രാഷ്ട്രപതിക്ക് അയക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ‘രാഷ്ട്രപതിക്ക് അയക്കുകയാണെങ്കിൽ അപ്പോൾ ആലോചിക്കാം’ എന്നായിരുന്നു മറുപടി. ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ നീക്കാനുള്ള ഓര്‍ഡിനന്‍സ് രാജ്ഭവനിലേക്ക് കൊടുത്തുവിട്ടതായി മുഖ്യമന്ത്രിയുടെ ഓഫീസും ഓര്‍ഡിനന്‍സ് ലഭിച്ചതായി രാജ്ഭവനും സ്ഥിരീകരിച്ചിരുന്നു.

ബുധനാഴ്ച മന്ത്രിസഭ അംഗീകരിച്ച ഓര്‍ഡിനന്‍സ് രാജ്ഭവനിലേക്ക് എത്താന്‍ വൈകുന്നത് സംശയങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അംഗീകാരത്തിന് അയച്ചാലും നിയമനിര്‍മ്മാണവുമായി പിന്നോട്ട് പോകില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ പരിഗണനയില്‍ ഇരുന്നാലും നിയമസഭ വിളിച്ചുചേര്‍ത്ത് ബില്‍ അവതരിപ്പിച്ച് പാസാക്കുന്നതിന് തടസ്സമില്ലെന്നാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന നിയമോപദേശം. ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടാലും ഇല്ലെങ്കിലും നിയമനിര്‍മ്മാണവുമായി മുന്നോട്ട് പോകുമെന്നാണ് നിയമവകുപ്പ് അറിയിക്കുന്നത്.

Top