അന്ന് കാര്‍ ഇടിക്കുമ്പോള്‍ കുഞ്ഞ് എന്റെ മടിയിലുണ്ടായിരുന്നു, ജീവിതത്തിലെ കനല്‍വഴികളെക്കുറിച്ച് ആര്‍.ജെ നീന

ജീവിതത്തില്‍ നടന്ന രണ്ട് അപകടങ്ങള്‍, ഔദ്യോഗിക ജീവിതത്തിന്റെ തുടക്കത്തിലെ തിരിച്ചടികള്‍ ഇവയെല്ലാം നീനയുടെ ആത്മവിശ്വാസത്തിനു മുന്നില്‍ നിഷ്പ്രഭമായി തോറ്റു മടങ്ങി. ഇത് റേഡിയോ മാംഗോയിലെ റേഡിയോ ജോക്കി നീന പിന്നിട്ട കനല്‍ വഴികളാണ്. ജീവിതത്തിലെ അപകടങ്ങളെക്കുറിച്ചും അതിലൂടെ താന്‍ നേടിയ ആത്മവിശ്വാസത്തെക്കുറിച്ചും നീന പറയുന്നു.

നീനയുടെ വാക്കുകളിലൂടെ…

ശരിക്കും ഹൈപ്പര്‍ ആക്ടീവായ, റിബലായ കുട്ടിയായിരുന്നു ഞാന്‍. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ ആയിരുന്നു ചെറുപ്പത്തിലെ ആഗ്രഹം. തുടര്‍ന്ന് ഞാനൊരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ ജോയിന്‍ ചെയ്തു. ഈ സമയത്താണ് ജീവിതത്തിലെ ആദ്യത്തെ വലിയ അപകടം ഉണ്ടാവുന്നത്..

ഓഫിസിലേക്ക് സ്‌കൂട്ടറില്‍ പോവുകയായിരുന്നു എനിക്ക് നേരെ ഒരു കാര്‍ വന്നിടിച്ചു. തലയിടിച്ചായിരുന്നു വീണത്. ഒരു ചെവി മുറിഞ്ഞു. കൂടാെത ഇടത്തെ കാലിന് ഗുരുതരമായ പരുക്കും. ഒന്നരവര്‍ഷത്തോളം ഞാന്‍ കിടപ്പിലായിരുന്നു. സ്ഥിരമായ അംഗവൈകല്യം സംഭവിക്കാമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. എല്ലാം കൊണ്ടും തകര്‍ന്നു പോകുന്ന അവസ്ഥ…. എനിക്ക് ധാര്‍ഷ്ഠ്യമുള്ള സ്വഭാവമായിരുന്നു. അതുകൊണ്ടു തന്നെ സുഹൃത്തുക്കള്‍ കുറവായിരുന്നു. കിടപ്പിലായപ്പോള്‍ സംസാരിക്കാന്‍ പോലും ആരും ഇല്ലാതെ ശരിക്കും ഒറ്റപ്പെട്ടു. എല്ലാ കാര്യങ്ങള്‍ക്കും അമ്മയുടെ സഹായം വേണം. ഞാനാണെങ്കില്‍ അച്ഛനോടും അമ്മയോടും സംസാരിക്കുന്ന ആളേ അല്ലായിരുന്നു. ഇതെല്ലാം ആയപ്പോള്‍ അഞ്ചാറു മാസം കഴിഞ്ഞപ്പോള്‍ ആത്മഹത്യയെ കുറിച്ച് ചിന്തിക്കാന്‍ തുടങ്ങി. എനിക്കു വിഷം തരുമോ എന്നെല്ലാം അമ്മയോട് ചോദിച്ചിട്ടുണ്ട്. അപ്പോഴെല്ലാം അമ്മ എന്റെ പക്കല്‍ വന്നിരുന്നു രാമായണം വായിക്കും. പതിയെ ഡിപ്രഷനില്‍ നിന്നു ഞാന്‍ കരകയറാന്‍ തുടങ്ങി.

ആയിടയ്ക്കാണ് കേരളത്തില്‍ സ്വകാര്യ റേഡിയോ സ്റ്റേഷനുകള്‍ വരുന്നത്. എനിക്ക് അതില്‍ ജോലി കിട്ടി. ട്രെയിനിങ്ങിനിടയ്ക്കാണ് അടുത്ത വെല്ലുവിളി. എന്റെ ശബ്ദം 12 വയസ്സുകാരന്‍ പയ്യന്റേതു പോലെയാണ്, ജനങ്ങള്‍ സ്വീകരിക്കാന്‍ സാധ്യതയില്ല. വേറൊരു കരിയര്‍ തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത് എന്ന ഉപദേശം ലഭിച്ചു. ഇതു കേട്ട് വീണ്ടും തകര്‍ന്നു. എന്നാലും മുന്നോട്ട് പോകാന്‍ തന്നെ തീരുമാനിച്ചു.

അങ്ങനെ 12 വര്‍ഷം മുന്‍പ്. ഒരു മേയ് 17ന് യേശുദാസിന്റെ അഭിമുഖത്തോടെ എന്റെ അരങ്ങേറ്റം നടന്നു. രണ്ട് വര്‍ഷം അവിടെ ജോലി ചെയ്തു. അതുകഴിഞ്ഞാണ് റേഡിയോ മാംഗോയില്‍ ചേരുന്നത്. ജീവിതം ഉഷാറായി മുന്നോട്ടു പോകുന്ന സമയം. അതിനിടയില്‍ എന്റെ ജീവിതത്തിലെ രണ്ടാമത്തെ അപകടവും സംഭവിച്ചു.

മാവേലിക്കരയിലേക്ക് പോവുകയായിരുന്നു എന്റെ കാറില്‍ മറ്റൊരു വാഹനം എതിര്‍ദിശയില്‍ നിന്ന് ഇടിച്ചുകയറി. ഭര്‍ത്താവായിരുന്നു കാര്‍ ഓടിച്ചിരുന്നത്. എന്റെ മടിയില്‍ കുഞ്ഞും ഉണ്ടായിരുന്നു. ഞങ്ങളെ വണ്ടാനം മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി. എന്റെ മുഖത്തിന്റെ വലതുഭാഗത്തെ ചര്‍മം മുഴുവന്‍ ഇളകിവന്നു. കണ്‍പോളയും പുരികവും എല്ലാം േപായി. എന്റെ മുഖവും കണ്ണുമെല്ലാം കൂട്ടിത്തുന്നി. രാത്രി തന്നെ എന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. അപ്പോഴെല്ലാം എനിക്കു ബോധമുണ്ട്. അവിടുത്തെ ശസ്ത്രക്രിയ കഴിഞ്ഞശേഷം ആരും എന്നെ എന്റെ മുഖം കാണിക്കുന്നില്ല. ആശുപത്രിയില്‍ കാണാന്‍ വരുന്നവരുടെ മുഖഭാവത്തില്‍ നിന്ന് മുഖത്തിന്റെ അവസ്ഥ ഊഹിക്കാന്‍ കഴിയുന്നുണ്ടായിരുന്നു. ഒരു ദിവസം അമ്മ പുറത്തുപോയ സമയത്ത് അമ്മയുടെ ഫോണ്‍ കൊണ്ട് ഞാന്‍ എന്റെ ഫോട്ടോ എടുത്തു. ആ ഫോട്ടോയിലേക്ക് കുറേ നേരം നോക്കിയിരുന്നു. തലേദിവസം വരെ സുന്ദരിയാണ് എന്ന കോംപ്ലിമെന്റ് കേട്ട മുഖമാണ്. ഞാന്‍ തളര്‍ന്നില്ല എന്നതാണ് സത്യം. ഇനി ഇതാണ് എന്റെ മുഖം എന്ന സത്യം സ്വീകരിച്ചു. പിന്നെ പതിയെ മുഖം ശരിയായി വന്നു. അങ്ങനെ ആറ് മാസത്തിന് ശേഷമാണ് ഞാന്‍ തിരികെ ജോലിയില്‍ പ്രവേശിക്കുന്നത്.

Top