‘അമ്മ നാഗലക്ഷ്മിയുടെ പിന്തുണ വളരെ വലുത്, എനിക്കു മാത്രമല്ല സഹോദരിക്കും’; പ്രഗ്നാനന്ദ

ബാക്കു (അസർബൈജാൻ) : ചെസിൽ താൻ നേടുന്ന വിജയങ്ങളിൽ അമ്മ നാഗലക്ഷ്മിയുടെ പങ്ക് വളരെ വലുതാണെന്നു വെളിപ്പെടുത്തി ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാനന്ദ. ചെസ് ലോകകപ്പിലെ രണ്ടാം ഗെയിമിൽ മാഗ്നസ് കാൾസനെ സമനിലയിൽ തളച്ച ശേഷമാണ് പ്രഗ്ഗ അമ്മയെക്കുറിച്ചു സംസാരിച്ചത്. ‘‘അമ്മയിൽനിന്നു വലിയ പിന്തുണയാണു ലഭിക്കുന്നത്. എനിക്കു മാത്രമല്ല, എന്റെ സഹോദരിയുടെ കാര്യത്തിലും പിന്തുണയുണ്ട്.’’– പ്രഗ്നാനന്ദ പറഞ്ഞു.

പ്രഗ്നാനന്ദയുടെ സഹോദരി വൈശാലി രമേഷ്ബാബുവും ചെസ് താരമാണ്. ‘‘ഇവിടെ ഒരുപാട് ടൈബ്രേക്കുകൾ കളിച്ചതിന്റെ ക്ഷീണമുണ്ട്. നന്നായി വിശ്രമിക്കണം. എല്ലാത്തിനും തയാറായി, ഊർജസ്വലതയോടെ ടൈബ്രേക്ക് മത്സരത്തിന് ഇറങ്ങണം.’’– രണ്ടാം കളിക്കു ശേഷം പ്രഗ്നാനന്ദ പറഞ്ഞു. പ്രഗ്നാനന്ദ കരുത്തനായ താരമാണെന്ന് മാഗ്നസ് കാൾസനും പ്രതികരിച്ചു. ‘‘ കരുത്തരായ കളിക്കാരുമായി പ്രഗ്നാനന്ദ ഇതിനകം ഒരുപാട് ടൈബ്രേക്ക് ഗെയിമുകൾ കളിച്ചിട്ടുണ്ട്. പക്ഷേ എന്റെ ദിവസമാണെങ്കിൽ, നല്ല സാധ്യതയുണ്ട്.’’– കാൾസൻ പ്രതികരിച്ചു.

ചൊവ്വ, ബുധൻ ദിവസങ്ങളിലെ ആദ്യ ഗെയിമും രണ്ടാം ഗെയിമും സമനിലയിലായതോടെയാണു മത്സരം ടൈ ബ്രേക്കറിലേക്കു നീണ്ടത്. ആദ്യ ഗെയിമിൽ 35 നീക്കങ്ങൾക്കു ശേഷവും രണ്ടാം ഗെയിമിൽ‌ 30 നീക്കങ്ങൾക്കു ശേഷവുമായിരുന്നു മത്സരം സമനിലയിൽ പിരിഞ്ഞത്.

Top