ചെന്നൈ: ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റില്‍ നിന്ന് തമിഴ്നാടിനെ ഒഴിവാക്കുന്ന ബില്ലിന് അംഗീകാരം നിഷേധിച്ചതിനു പിന്നാലെ ഗവര്‍ണര്‍ ആര്‍.എന്‍. രവിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഡി.എം.കെ യുവജനവിഭാഗം സെക്രട്ടറിയും കായികമന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍. നീറ്റ് ബില്ലിന് അംഗീകാരം നിഷേധിക്കാന്‍ ഗവര്‍ണര്‍ക്ക് എന്തധികാരമാണുള്ളതെന്നും ആര്‍.എന്‍. രവി എന്നല്ല ‘ആര്‍.എസ്.എസ്. രവി’ എന്ന പേരാകും ഗവര്‍ണര്‍ക്ക് കൂടുതല്‍ ചേരുകയെന്നും ഉദയനിധി പറഞ്ഞു. നീറ്റിനെതിരെ ഡി.എം.കെ. യുവജനവിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ നിരാഹാരസമരത്തിലാണ് ഗവര്‍ണര്‍ക്കെതിരെ ഉദയനിധിയുടെ വിമര്‍ശനം.
സംസ്ഥാനം അംഗീകരിച്ച തീരുമാനങ്ങള്‍ രാഷ്ട്രപതിക്ക് കൈമാറുന്ന ഒരു പോസ്റ്റ്മാന്‍ എന്നതില്‍കവിഞ്ഞ് ഗവര്‍ണര്‍ക്ക് യാതൊരു അധികാരവുമില്ലെന്നും ഉദയനിധി പറഞ്ഞു. നീറ്റില്‍ നിന്ന് തമിഴ്നാടിനെ ഒഴിവാക്കാത്തത് വിദ്യാര്‍ഥികളെ ആത്മഹത്യയിലേക്ക് നയിക്കുകയാണ്. ഇതുവരെ 21 പേരുടെ ജീവന്‍ നീറ്റിന്റെ പേരില്‍ നഷ്ടമായി. ഇതൊന്നും ആത്മഹത്യകളല്ല, കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. നടത്തിയ കൊലപാതകങ്ങളാണിത്. എ.ഐ.ഡി.എം.കെ ഇതില്‍ അവരെ പിന്തുണയ്ക്കുകയാണ്. നീറ്റ് ഒഴിവാക്കുന്നതുവരെ സമരം തുടരുകതന്നെ ചെയ്യും. മന്ത്രിസ്ഥാനം നഷ്ടപ്പെട്ടാലും പിന്മാറില്ല. ഒരു എം.എല്‍.എ ആയോ മന്ത്രിയായോ അല്ല ഞാന്‍ സമരത്തിന്റെ ഭാഗമായത്. നീറ്റു കാരണം ജീവിതം അവസാനിപ്പിച്ച വിദ്യാര്‍ഥികളുടെ സഹോദരനായാണ് ഞാന്‍ ഇവിടെ നിക്കുന്നത്, ഉദയനിധി പറഞ്ഞു.
ബില്ല് നിഷേധിക്കാന്‍ താങ്കളാരാണ്. എന്തധികാരമാണ് നിങ്ങള്‍ക്കുള്ളത്. ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് താങ്കള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കണം. ജനങ്ങളെ കണ്ട് നിങ്ങളുടെ ആശയങ്ങളെ കുറിച്ച് അവരോട് സംസാരിക്കണം. അവര്‍ നിങ്ങളുടെ മുഖത്തേക്ക് ചെരിപ്പൂരി എറിയും. താങ്കള്‍ വിജയിക്കുകയാണെങ്കില്‍ നിങ്ങള്‍ പറയുന്നത് ഞാന്‍ അനുസരിക്കും. നീറ്റിനെയും പിന്തുണയ്ക്കാം, ഉദയനിധി പറഞ്ഞു.നീറ്റ് യോഗ്യത നേടാനാവാതെ 19-കാരനായ ഒരു വിദ്യാര്‍ഥിയും പിന്നാലെ വിദ്യാര്‍ഥിയുടെ അച്ഛനും ജീവനൊടുക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഉദയനിധി സ്റ്റാലിന്‍ നിരാഹാരസമരം പ്രഖ്യാപിച്ചത്.