തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ആര്‍.ശങ്കറിനെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളത്തില്‍ സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചത് ശങ്കറാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് കെപിസിസിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ പ്രതിമയ്ക്കു മുന്നില്‍ നടത്തിയ പ്രാര്‍ത്ഥനാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍.ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങ് അദ്ദേഹത്തെ അപമാനിക്കുന്ന ചടങ്ങാക്കി മാറ്റിയെന്ന് തുടര്‍ന്ന് സംസാരിച്ച കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ പറഞ്ഞു. വര്‍ഗീയതയ്‌ക്കെതിരായി സമൂഹ മനസാക്ഷിയെ ഉണര്‍ത്തുക എന്നതാണ് ഈ പ്രാര്‍ത്ഥനാ സംഗമം കൊണ്ട് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ശ്രീനാരായണ ഗുരുവിന്റെ ആദര്‍ശങ്ങള്‍ പ്രവൃത്തിയില്‍ കൊണ്ടുവന്ന വ്യക്തിയായിരുന്നു ശങ്കര്‍. നട്ടെല്ല് വളയാതെയും തല കുനിയാതേയും അദ്ദേഹം നിലപാടുകളില്‍ ഉറച്ചു നിന്നു. അങ്ങനെയുള്ള ശങ്കറിന്റെ ദീപ്തമായ സ്മരണയെ സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ച എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അവഹേളിച്ചിരിക്കുകയാണെന്നും സുധീരന്‍ പറഞ്ഞു.
ശങ്കറിനെ ആര്‍എസ്എസുകാരനാക്കാന്‍ എസ്എന്‍ഡിപി ശ്രമിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. നാളെ മഹാത്മാ ഗാന്ധിയേയും ഇവര്‍ ആര്‍എസ്എസുകാരനാക്കുമെന്നും ചെന്നിത്തല പറഞ്ഞു.
കെപിസിസി വൈസ് പ്രസിഡന്റ് എം.എം ഹസന്‍, മറ്റു കോണ്‍ഗ്രസ് നേതാക്കള്‍, ശങ്കറിന്റെ മകന്‍ മോഹന ശങ്കര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.