ദിലീപ് കേസിലെ വെളിപ്പെടുത്തലിൽ ആര്‍ ശ്രീലേഖ ഐപിഎസ് നെ ചോദ്യം ചെയ്തേക്കും

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ മുന്‍ ഡിജിപി ആര്‍. ശ്രീലേഖയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്‌തേക്കും. ദിലീപ് വിഷയത്തില്‍ ശ്രീലേഖയുടെ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമെന്നും ക്രൈം ബ്രാഞ്ച് പറയുന്നു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരേ തെളിവില്ലെന്നായിരുന്നു മുന്‍ ഡി.ജി.പി. ആര്‍. ശ്രീലേഖയുടെ വെളിപ്പെടുത്തല്‍. പോലീസ് കണ്ടെത്തലുകളെ തള്ളിയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തിപരമായ അഭിപ്രായമെന്ന രീതിയില്‍ ആര്‍. ശ്രീലേഖ പ്രതികരണം നടത്തിയത്. നടിയെ ആക്രമിച്ച സംഭവസമയത്ത് ആര്‍. ശ്രീലേഖ ജയില്‍ മേധാവിയായിരുന്നു.

‘ദിലീപിന്റെ പെട്ടന്നുള്ള ഉയർച്ചകളിൽ ഒരുപാട് ശത്രുക്കളുണ്ടായി. അസൂയാവഹമായ കുറേ കാര്യങ്ങൾ ആ സമയത്ത് ദിലീപ് ചെയ്തിരുന്നതിൽ വളരെ ശക്തരായ ചിലർ ദിലീപിനെതിരായി. ആ സാഹചര്യത്തിൽ ദിലീപിന്റെ പേര് പറഞ്ഞതാകാം. മൂന്ന് നാല് മാസം മിണ്ടാതിരുന്നിട്ട് പിന്നീടല്ലേ പൾസർ സുനി ദിലീപിന്റെ പേര് പറഞ്ഞത്. മാധ്യമങ്ങൾ എല്ലാം വളച്ചൊടിക്കുകയായിരുന്നു. ദിലീപിന്റെ ആദ്യ ചോദ്യം ചെയ്യലിന് ശേഷം പൊലീസുകാരുടെ മേൽ വരെ മിഡിയ പ്രഷർ ചെലുത്തി’- ശ്രീലേഖ പറഞ്ഞു.

കേസില്‍ ആദ്യത്തെ കുറ്റപത്രം സമര്‍പ്പിച്ചതിനു ശേഷമാണ് പള്‍സര്‍ സുനിയുടെ കത്തടക്കമുള്ള കാര്യങ്ങള്‍ പുറത്തുവരുന്നത്. ഇതിനു പിന്നിലും ഗൂഢാലോചനയുള്ളതായാണ് പോലീസ് തലപ്പത്തുണ്ടായിരുന്ന ശ്രീലേഖ പറയുന്നത്. കേസിന്റെ തുടരന്വേഷണത്തെക്കുറിച്ച് പല തരത്തിലുള്ള സംശയങ്ങളുമുള്ളതായും അവര്‍ പറയുന്നുണ്ട്.

Top