ഐപിഎല്‍ ആരംഭിക്കുന്നതിന് സൂപ്പര്‍ താരത്തിന്റെ പിന്‍മാറ്റം ഡെയര്‍ ഡെവിള്‍സിന് തിരിച്ചടിയായി. പൊന്നും വില കൊടുത്ത് സ്വന്തമാക്കിയ സൂപ്പര്‍ താരം കഗീസോ റബാഡയാണ് സീസണില്‍ നിന്ന് പിന്‍മാറുന്നത്. താരത്തിന്റെ പുറം വേദനയാണ് ടീമിന് തിരിച്ചടിയായത്.
താരലേലത്തില്‍ 4.2 കോടി രൂപ മുടക്കിയാണ് ഡല്‍ഹി ദക്ഷിണാഫ്രിക്കന്‍ താരം കഗീസോ റബാഡയെ സ്വന്തമാക്കിയത്. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് താരത്തിന് പരുക്കേറ്റത്. കടുത്ത പുറംവേദന മൂലം കഗീസോ റബാഡയെ പരിശോധനകള്‍ക്ക് വിധേയമാക്കിയിരുന്നു.
പിന്നാലെ ലോവര്‍-ബാക്ക് സ്ട്രസാണെന്ന് കണ്ടെത്തിയ ഡോക്ടമാര്‍ റബാഡയ്ക്ക് 3 മാസത്തേക്ക് വിശ്രമം നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതോടെ ഐപിഎല്ലില്‍ താരത്തിന് പങ്കെടുക്കാന്‍ കഴിയില്ലെന്ന് വ്യക്തമായി.
റബാഡയ്ക്ക് പകരം ഒരു താരത്തെ സ്വന്തമാക്കാന്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് ഇനി അവസരമുണ്ട്. കഴിഞ്ഞ സീസണിലും റബാഡ ഡല്‍ഹിക്ക് വേണ്ടിയാണ് കളിച്ചത്. ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരനാണ് റബാഡ. ട്രന്റ് ബോള്‍ട്ട്, ക്രിസ് മോറിസ്, മുഹമ്മദ് ഷമി എന്നിവരാണ് ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ മറ്റ് പേസര്‍മാര്‍.