കയ്യില്‍ വാക്‌സിനുമായി നില്‍ക്കുന്ന മുയലുകളുടെ രൂപത്തില്‍;ചോക്ലേറ്റ് ജനശ്രദ്ധ നേടുന്നു

കോവിഡ് മഹാമാരിയെ പതിയെ പതിയെ തുരത്തിയോടിക്കാനുള്ള പോരാട്ടത്തിലാണ് ലോകം. വൈറസ് താണ്ഡവമാടിയ ഒരു വര്‍ഷത്തിന് ശേഷം കോവിഡ് വാക്‌സിന്‍ കണ്ടുപിടിച്ചിരിക്കുകയാണ്. ലോകമ്പൊടും വാക്‌സിനേഷന്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പുതിയൊരു കാലത്തേക്കുള്ള പ്രതീക്ഷയിലാണ് ലോകം. ഈ സാഹചര്യത്തില്‍ ശ്രദ്ധ നേടുകയാണ് കോവിഡ് പ്രതിരോധ വാക്സിനേഷന്‍ തീമില്‍ ഒരുക്കിയ ചില ചോക്ലേറ്റുകളുടെ ചിത്രങ്ങള്‍.

കയ്യില്‍ വാക്‌സിനുമായി നില്‍ക്കുന്ന മുയലുകള്‍  പുതിയൊരു ലോകത്തിലേക്കുള്ള പ്രതീക്ഷ
കയ്യില്‍ പ്രതിരോധ വാക്സിന്റെ സിറിഞ്ചുമായി നില്‍ക്കുന്ന രൂപത്തിലാണ് ഈ ചോക്ലേറ്റുകള്‍ തയ്യാറാക്കിയിരിയ്ക്കുന്നത്. പ്രശസ്ത ഹംഗേറിയന്‍ ഷെഫായ ലാസ്ലോ റിമോസിയാണ് മുയല്‍ ചോക്ലേറ്റുകളുടെ സൃഷ്ടാവ്. ഇറ്റാലിയന്‍ ചോക്ലേറ്റ് ഉപയോഗിച്ചാണ് മുയലുകളുടെ രൂപം നിര്‍മ്മിച്ചിരിക്കുന്നത്. ഇറ്റാലിയന്‍ മില്‍ക്കും ഡാല്‍ക്ക് ചോക്ലേറ്റും കൊണ്ടാണ് സിറിഞ്ച് ഉണ്ടാക്കിയിരിക്കുന്നത്. ബുഡാപെസ്റ്റില്‍ നിന്ന് 70 കിലോമീറ്റര്‍ തെക്ക്, ലജോസ്മിസ്സിലുള്ള തന്റെ ചെറിയ ഷോപ്പിലാണ് റിമോസി ചോക്ലേറ്റുകള്‍ ഉണ്ടാക്കിയത്. ഈസ്റ്ററിന്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്കായി വാക്‌സിന്‍ ഇല്ലാത്ത മുയല്‍ ചോക്ലേറ്റുകള്‍ നിര്‍മ്മിക്കുമെന്ന് റിമോസി പറഞ്ഞു.

ചോക്ലേറ്റുകള്‍ ഉണ്ടാക്കി വീടിനോട് ചേര്‍ന്നുള്ള ഷോപ്പില്‍ വില്‍ക്കുകയാണ് റിമോസി. കോവിഡ് കാലത്ത് റിമോസിക്ക് കച്ചവടത്തില്‍ വലിയ നഷ്ടമാണ് നേരിട്ടത്. മാസ്‌ക് വച്ച് സാന്താക്ലോസിന്റെ രൂപത്തിലുള്ള റിമോസിയുടെ ചോക്ലേറ്റുകള്‍ കഴിഞ്ഞ വര്‍ഷം ഹിറ്റായിരുന്നു. സര്‍ക്കാരിന്റെ വാക്‌സിനേഷന്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത റിമോസി വാക്‌സിനായി കാത്തിരിക്കുകയാണ്.

 

Top