ഇറ്റാലിയന്‍ സീരിസ് എയില്‍ ഇന്റര്‍ മിലാനെതിരായ മത്സരത്തില്‍ നാപ്പോളി പ്രതിരോധ താരം കലിദു കോലിബാലിക്കെതിരെ നടന്ന വംശീയാധിക്ഷേപത്തെ തുടര്‍ന്ന് ഇറ്റാലിയന്‍ സീരി എയില്‍ ഇന്റര്‍മിലാന്റെ അടുത്ത രണ്ട് ഹോംമത്സരങ്ങള്‍ അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനിച്ചു.
ജനുവരി 19ന് സസൗലുവിനെതിരേയും ഫെബ്രുവരി മൂന്നിന് ബോള്‍ഗാനെയ്‌ക്കെതിരേയും നടക്കുന്ന മത്സരങ്ങളാണ് അടച്ചിട്ട സ്‌റ്റേഡിയത്തില്‍ കളിക്കുക. മത്സരങ്ങള്‍ കാണാന്‍ ഒറ്റ ആരാധകനെയും അകത്തു കയറ്റില്ല എന്ന് അധികൃതര്‍ റിയിച്ചു.
കഴിഞ്ഞ ദിവസമാണ് ഇന്റര്‍ മിലാനെതിരായ മത്സരത്തില്‍ സെനഗല്‍ താരമായ കലിദുവിനെ കുരങ്ങന്‍മാരുടെ ശബ്ദമുണ്ടാക്കി കാണികള്‍ അധിക്ഷേപിച്ചത്.
സംഭവം വിവാദമായതോടെ പ്രതികരണവുമായി പല പ്രമുഖരും രംഗത്തെത്തിയിരുന്നു. കലിദുവിന് പിന്തുണയുമായി യുവന്റസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും എത്തി. ലോകത്തും ഫുട്‌ബോളിലും വിദ്യാഭ്യാസവും ബഹുമാനവും എപ്പോഴും ആവശ്യമുണ്ട്. വംശീയാധിക്ഷേപം അടക്കമുള്ള എല്ലാത്തരം വിവേചനങ്ങളോടും നമുക്ക് വിട പറയാമെന്നും റൊണാള്‍ഡോ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിച്ചാല്‍ മത്സരങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന് സീരിസ് എ സംഘാടകര്‍ക്ക് ആന്‍സലോട്ടി മുന്നറിയിപ്പ് നല്‍കിയിരുന്നു. സംഭവത്തില്‍ മിലാന്‍ ഗവര്‍ണറും മാപ്പ് ചോദിച്ച് രംഗത്തെത്തി.