ഏഷ്യന്‍ കളിക്കാര്‍ക്കെതിരെ വംശീയാധിക്ഷേപം; ആരോപണം തള്ളി മൈക്കല്‍ വോണ്‍

ലണ്ടന്‍: വംശീയാധിക്ഷേപം നടത്തിയെന്ന ആരോപണം പൂര്‍ണമായും നിഷേധിക്കുന്നതായും മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍. ഇംഗ്ലീഷ് താരം അസീം റഫീഖ് യോര്‍ക്ക്‌ഷെയര്‍ ക്ലബ്ബിലായിരിക്കെ കടുത്ത വംശീയ അധിക്ഷേപത്തിനും ഭീഷണിക്കും ഇരയായതായി ഇതു സംബന്ധിച്ച് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് വോണിന്റെ പ്രതികരണം.

റഫീഖ് ഉള്‍പ്പെടെയുള്ള ഒരു കൂട്ടം ഏഷ്യന്‍ കളിക്കാരോട് ‘ടീമില്‍ കൂടുതലും നിങ്ങളാണ്, ഞങ്ങള്‍ ഇതിനെപ്പറ്റി കാര്യമായി എന്തെങ്കിലും ചെയ്യേണ്ടതുണ്ട്.’ എന്ന് മൈക്കല്‍ വോണ്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. എന്നാല്‍ താന്‍ ഇത് പൂര്‍ണമായും നിഷേധിക്കുന്നതായി മൈക്കല്‍ വോണ്‍ പറഞ്ഞു.

2009-ല്‍ യോര്‍ക്ക്‌ഷെയര്‍ ടീമില്‍ കളിക്കാരനായിരിക്കെ നോട്ടിംഗ്ഹാംഷെയറിനെതിരായ മത്സരത്തിന് മുമ്പാണ് ഈ അഭിപ്രായപ്രകടനങ്ങള്‍ നടത്തിയതായാണ് ആരോപണം. ഈ റിപ്പോര്‍ട്ട് തനിക്ക് കനത്ത പ്രഹരമായിരുന്നുവെന്ന് ഡെയ്‌ലി ടെലഗ്രാഫില്‍ എഴുതിയ കോളത്തില്‍ മൈക്കല്‍ വോണ്‍ പറയുന്നു.

‘ഞാന്‍ 30 വര്‍ഷമായി ക്രിക്കറ്റുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു, ഒരു കളിക്കാരനെന്ന നിലയിലോ കമന്റേറ്റര്‍ എന്ന നിലയിലോ ഒരിക്കല്‍ പോലും സമാനമായ ഏതെങ്കിലും സംഭവമോ അച്ചടക്കലംഘനമോ ആരോപിക്കപ്പെട്ടിട്ടില്ല. ഇത്തരം വാക്കുകള്‍ ഉപയോഗിച്ചിട്ടില്ല എന്നുള്ളതില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു.’താന്‍ ഇത്തരം ഒരു വ്യക്തിയല്ലെന്ന് തെളിയിക്കാന്‍ അവസാനം വരെ പോരാടുമെന്നും മുന്‍ ഇംഗ്ലണ്ട് ക്യാപ്ടന്‍ പറഞ്ഞു.

ക്ലബിലെ വംശീയത കാരണം ആത്മഹത്യയ്ക്ക് വരെ തുനിഞ്ഞിരുന്നു എന്ന് റഫീഖ് പറഞ്ഞതിനെത്തുടര്‍ന്ന് 2020-ലാണ് യോര്‍ക്ക്‌ഷെയറിന്റെ അന്വേഷണം ആരംഭിച്ചത്. സെപ്റ്റംബറിലാണ് എംപിമാരുള്‍പ്പടെയുള്ളവരുടെ സമ്മര്‍ദ്ദം മൂലം യോര്‍ക്ക്‌ഷെയര്‍ സ്വതന്ത്ര റിപ്പോര്‍ട്ടിന്റെ കണ്ടെത്തലുകള്‍ പുറത്തുവിട്ടത്. അതില്‍ റഫീഖ് ഉന്നയിച്ച 43 ആരോപണങ്ങളില്‍ ഏഴെണ്ണം ശരിവച്ചു. എന്നാല്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളുടെ പേരില്‍ ക്ലബ്ബിന്റെ കളിക്കാരോ പരിശീലകരോ എക്‌സിക്യൂട്ടീവുകളോ അച്ചടക്ക നടപടി നേരിടേണ്ടിവരില്ലെന്ന് ക്ലബ് അധികൃതര്‍ പറയുകയായിരുന്നു.

റഫീഖിന്റെ പാകിസ്ഥാന്‍ പൈതൃകം സംബന്ധിച്ച വംശീയ പദപ്രയോഗങ്ങള്‍ ക്ലബ് അംഗങ്ങള്‍ റഫീഖിനോട് പതിവായി ഉപയോഗിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഇംഗ്ലണ്ടിന്റെ മത്സരങ്ങള്‍ നടത്തുന്നതില്‍ നിന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് യോര്‍ക്ക്‌ഷെയറിനെ വ്യാഴാഴ്ച സസ്‌പെന്‍ഡ് ചെയ്തിരുന്നു. ക്ലബ് പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തുമെന്ന് വ്യക്തമായി തെളിയിക്കുന്നത് വരെ നിരോധനം നിലനില്‍ക്കുമെന്ന് ഇ.സി.ബി പറയുന്നു.

 

Top