അസീം റഫീഖിനെതിരായ വംശീയ പരാമര്‍ശം; യോര്‍ക്ഷെയര്‍ സിഇഒ രാജിവച്ചു

പാക് വംശജനായ ഇംഗ്ലണ്ട് ക്രിക്കറ്റര്‍ അസീം റഫീഖിനെതിരായ വംശീയ പരാമര്‍ശവുമായി ബന്ധപ്പെട്ട് യോര്‍ക്ഷെയര്‍ സിഇഒ മാര്‍ക്ക് ആര്‍തര്‍ രാജിവച്ചു. ക്ലബ് ചെയര്‍മാന്‍ റോജര്‍ ഹട്ടണ്‍ നവംബര്‍ അഞ്ചിന് സ്ഥാനമൊഴിഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ക്ലബ് സിഇഒയും രാജിവച്ചത്. സംഭവത്തില്‍ ഇംഗ്ലണ്ട് താരം ഗാരി ബല്ലന്‍സിനെയും യോര്‍ക്ഷെയര്‍ കൗണ്ടി ക്ലബിനെയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് വിലക്കിയിരുന്നു. റഫീഖിനെതിരെ വംശീയ പരാമര്‍ശം നടത്തിയത് താനാണെന്ന് ബല്ലന്‍സ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബോര്‍ഡ് നടപടിയെടുത്തത്.

സുഹൃത്തെന്ന നിലയില്‍ സൗഹൃദ സംഭാഷണമായാണ് താന്‍ പരാമര്‍ശം നടത്തിയതെന്നും റഫീഖ് തന്റെ അടുത്ത സുഹൃത്താണെന്നുമാണ് ബല്ലന്‍സ് വ്യക്തമാക്കിയത്. റഫീഖിന്റെ വെളിപ്പെടുത്തലിനു പിന്നാലെ ക്ലബ് വിഷയത്തില്‍ അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിനിടെയാണ് ബല്ലന്‍സ് കുറ്റസമ്മതം നടത്തിയത്.

വിലക്ക് ഏര്‍പ്പെടുത്തിയതിനാല്‍ ബല്ലന്‍സിനെ ഇനി ഇംഗ്ലണ്ട് ദേശീയ ടീമിലേക്ക് പരിഗണിക്കില്ല. വെളിപ്പെടുത്തലിനു പിന്നാലെ യോര്‍ക്ഷെയര്‍ ക്ലബിന്റെ പല സ്‌പോണ്‍സര്‍മാരും പിന്മാറി. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ വിലക്ക് കൂടി ആയതോടെ ക്രിക്കറ്റ് മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ യോര്‍ക്ഷെയറിനു സാധിക്കില്ല. ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരായ ടെസ്റ്റ് മത്സരങ്ങളും ദി ഹണ്ട്രഡ് മത്സരവുമെല്ലാം അവര്‍ക്ക് നഷ്ടമാവും.

 

 

Top