പ്രസ് ക്ലബ് സെക്രട്ടറിയെ സസ്‌പെന്റ് ചെയ്തതില്‍ പ്രതിഷേധം; പ്രസിഡന്റ് ഭാരവാഹികളും രാജി വച്ചു

തിരുവനന്തപുരം: സഹപ്രവര്‍ത്തകയുടെ വീട്ടില്‍ കയറി അതിക്രമം കാട്ടിയെന്ന പരാതിയില്‍ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണനെ ക്ലബ് അംഗത്വത്തില്‍ നിന്നും സസ്‌പെന്റ് ചെയ്തതില്‍ പ്രതിഷേധിച്ച്പ്രസിഡന്റ് സോണിച്ചന്‍ പി ജോസഫും ഭാരവാഹികളും രാജി വച്ചു. മുന്‍ സെക്രട്ടറി എം രാധാകൃഷ്ണനെ പിന്തുണക്കുന്ന ഭാരവാഹികളും മാനേജിംഗ് കമ്മിറ്റി അംഗങ്ങളുമാണ്‌ രാജി വച്ചത്.

രാധാകൃഷ്ണനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് ഇവരുടെ വിശദീകരണം. ആക്ടിംഗ് സെക്രട്ടറി സാബ്ലൂതോമസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നും ഇവര്‍ ആരോപിക്കുന്നു.

തുടര്‍ന്ന് രാധാകൃഷ്ണനെതിരെ നടപടിയെടുക്കണമെന്ന് പ്രസ് ക്ലബ്ബ് നേതൃത്വത്തോടും വനിതാ മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമുന്നയിച്ച് പ്രതിഷേധവും ശക്തമായിരുന്നു. സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ രാധാകൃഷ്ണനെ പ്രസ് ക്ലബ് ഭാരവാഹിത്വത്തില്‍ നിന്ന് കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗത്വത്തില്‍ നിന്നും ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും നേരത്തെ ഇയാളെ സസ്പെന്‍ഡ് ചെയ്തിരുന്നു.

ആണ്‍സുഹൃത്ത് വീട്ടിലെത്തിയത് ചോദ്യം ചെയ്ത് രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ആളുകള്‍ വീട്ടില്‍ അതിക്രമിച്ച് കയറി ഗുണ്ടായിസം കാട്ടിയെന്നാണ് മാധ്യമപ്രവര്‍ത്തകയുടെ പരാതി. പരാതി അന്വേഷിക്കാന്‍ അഞ്ചംഗ സമിതിയെ പ്രസ് ക്ലബ് രൂപീകരിച്ചിട്ടുണ്ട്.

Top