ശബരിമലയില്‍ 13 ലക്ഷം പേര്‍ ഓണ്‍ലൈന്‍ ദര്‍ശനത്തിന് ബുക്ക് ചെയ്‌തെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍

ശബരിമല: കാലാവസ്ഥ അനുകൂലമാകുന്നതോടെ ശബരിമലയില്‍ കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. ശബരിമല സന്നിധാനത്ത് ചേര്‍ന്ന അവലോകന യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം ഭംഗിയായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.

തീര്‍ത്ഥാടകരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് കൊവിഡ് പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും കുറവുകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കും. നിലവില്‍ 13 ലക്ഷം പേര്‍ ഓണ്‍ലൈനായി ദര്‍ശനം നടത്തുന്നതിന് ബുക്ക് ചെയ്തിട്ടുണ്ട്. ജലനിരപ്പ് ഉയര്‍ന്നിരിക്കുന്നതിനാല്‍ പമ്പയില്‍ സ്‌നാനം ചെയ്യുന്നത് അപകടകരമായതിനാലാണ് നിലവില്‍ അനുവദിക്കാത്തത്. ശക്തമായ മഴയില്‍ തകര്‍ന്ന പമ്പയിലെ ഞുണങ്ങാര്‍ പാലം പുനര്‍നിര്‍മിക്കുന്നതിന് നടപടി സ്വീകരിക്കും.

പ്രകൃതിക്ഷോഭം മൂലം തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ തടസങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍, ഇതിനെ അതിജീവിച്ച് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിച്ചു. മഴയില്‍ തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണം എത്രയും വേഗം പൂര്‍ത്തിയാക്കും. പ്രകൃതിക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. മതിയായ മുന്‍കരുതലുകള്‍ എടുത്ത് തീര്‍ത്ഥാടനം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു.

കൂടുതല്‍ ഭക്തര്‍ വന്നു തുടങ്ങുന്നതിന് അനുസരിച്ച് നിലവില്‍ ഉപയോഗിക്കുന്ന സ്വാമി അയ്യപ്പന്‍ റോഡിന് പുറമെ നീലിമലഅപ്പാച്ചിമേട് വഴിയുള്ള പരമ്ബരാഗത ശബരിമല പാത മല ഇറങ്ങുന്നതിനായി തുറന്നുകൊടുക്കുന്നത് പരിഗണിക്കും. ഇതിന്റെ ഭാഗമായി ഈ പാതയിലെ രണ്ട് ആരോഗ്യ കേന്ദ്രങ്ങള്‍ സജ്ജമാക്കുന്നതിനും ആവശ്യമായ വെളിച്ചം ഉറപ്പുവരുത്തുന്നതിന് സംവിധാനം ഒരുക്കുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഇ-ടോയ്‌ലെറ്റ്, ബയോടോയ്‌ലെറ്റ് സംവിധാനങ്ങള്‍ വര്‍ധിപ്പിക്കും. തീര്‍ഥാടകര്‍ക്ക് കുളിക്കുന്നതിനും കുടിക്കുന്നതിനും ആവശ്യമായ ശുദ്ധജലം സംഭരിച്ചിട്ടുണ്ട്. തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ഓരോ വകുപ്പുകള്‍ ഒറ്റയ്ക്കും മറ്റു വകുപ്പുകളുമായി ചേര്‍ന്നും ആവശ്യമായ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തണം. അതത് സമയത്തെ സ്ഥിതി വിലയിരുത്തി ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും മന്ത്രി പറഞ്ഞു.

Top