തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തു. ഒരു വാളും വളഞ്ഞുകൂര്‍ത്ത മറ്റൊരു ആയുധവുമാണ് കണ്ടെത്തിയത്. കരുനാഗപ്പള്ളിക്ക് സമീപം കന്നേറ്റിപ്പാലത്തിന് സമീപത്ത് നിന്നാണ് ഇവ കണ്ടെടുത്തത്. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത അലിഭായിയെ ചോദ്യം ചെയ്തപ്പോള്‍ ആയുധങ്ങള്‍ ഇവിടെ കളഞ്ഞതായി മൊഴി നല്‍കിയിരുന്നു.
കേസിലെ പ്രധാന പ്രതി അലിഭായി എന്നു വിളിപ്പേരുള്ള മുഹമ്മദ് സാലിഹിന്റെ സാന്നിധ്യത്തില്‍ നടത്തിയ പരിശോധനയിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.
കൊല്ലപ്പെട്ട രാജേഷിന്റെ സുഹൃത്തായ വിദേശത്തുള്ള നൃത്താധ്യാപികയുടെ മുന്‍ ഭര്‍ത്താവായ അബ്ദുള്‍ സത്താറാണ് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് അലിഭായി മൊഴി നല്‍കിയത്. സത്താറിന്റെ കുടുംബം നശിപ്പിച്ചതിനുള്ള പ്രതികാരമാണ് കൊലപാതകം. സുഹൃത്തായ അപ്പുണ്ണിയുടെ സഹായത്തോടെയായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തത്. നാട്ടിലെത്താന്‍ വിമാന ടിക്കറ്റിനായി പണം നല്‍കിയത് സത്താറാണ്. ജോലി നല്‍കിയ സത്താറിനോടുള്ള കൂറാണ് താന്‍ കാണിച്ചതെന്നും അലിഭായി മൊഴി നല്‍കി.
ചൊവ്വാഴ്ച്ച രാവിലെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച് പൊലീസ് അലിഭായിയെ കസ്റ്റഡിയിലെടുത്തത്.