റഫാ ഗേറ്റ് തുറന്നു; ആദ്യ ദിവസം 400 ലേറെ പേര്‍ ഗാസാ അതിര്‍ത്തി കടന്നു

ടെല്‍ അവീവ്: റഫാ ഗേറ്റ് തുറന്നതോടെ ആദ്യ ദിവസം 400 ലേറെ പേര്‍ ഗാസാ അതിര്‍ത്തി കടന്നു. 335 വിദേശ പൗരന്മാരും ഇസ്രയേല്‍ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ 76 പേരുമാണ് ആദ്യഘട്ടത്തില്‍ ഈജിപ്തിലെത്തിയത്. ബ്രിട്ടണ്‍, അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലെ പൗരന്മാരും, എന്‍ജിഒകളില്‍ പ്രവര്‍ത്തിക്കുന്ന വിദേശികളുമാണ് ഗാസ വിട്ടത്. ഇനി എത്ര പേര്‍ക്ക് അനുമതി നല്‍കുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിട്ടില്ല. അതേസമയം ഗാസയില്‍ ഇസ്രയേലിന്റെ ആക്രമണം ശക്തമായി തന്നെ തുടരുകയാണ്.

ജബലിയ ദുരിതാശ്വാസ ക്യാമ്പില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരണം 200 ആയി. 120 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. പലരും കെട്ടിടത്തിനടിയില്‍ കുടുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഹമാസ് ആക്രമണത്തില്‍ 24 മണിക്കൂറിനിടെ 16 സൈനികര്‍ കൊല്ലപ്പെട്ടതായും ഇസ്രയേല്‍ സ്ഥിരീകരിച്ചു. യുദ്ധം നാശത്തിന് മാത്രമേ ഉപകരിക്കൂ എന്നും സ്വതന്ത്ര പലസ്തീന്‍ എന്നതാണ് പ്രശ്‌ന പരിഹാരമെന്നും മാര്‍പാപ്പ വ്യക്തമാക്കി.

പലസ്തീനില്‍ യുദ്ധത്തില്‍ പരിക്കേറ്റ കുട്ടികള്‍ക്ക് യുഎഇയില്‍ ചികിത്സ നല്‍കും. 1000 കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും വിവിധ ആശുപത്രികളില്‍ ചികിത്സ നല്‍കാന്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നിര്‍ദേശം നല്‍കി. റെഡ് ക്രോസ്സ് ഇന്റനാഷണല്‍ പ്രസിഡന്റുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ആണ് വാഗ്ദാനം.

Top