വിവാദങ്ങള്‍ക്കൊടുവില്‍ റാഫേല്‍ ഇന്ത്യയിലേയ്ക്ക്; ആദ്യം വിന്യസിപ്പിക്കുക അംബാലയില്‍

ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധവിമാനങ്ങള്‍ രണ്ട് മാസത്തിനുള്ളില്‍ തന്നെ ഇന്ത്യന്‍ വ്യോമസേനയ്ക്ക് കൈമാറുമെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം സെപ്തംബറില്‍ ഫ്രാന്‍സില്‍ നടക്കുന്ന പരിപാടിയില്‍ വച്ച് ആദ്യ പോര്‍ വിമാനം ഫ്രാന്‍സ് ഇന്ത്യയ്ക്ക് ഔദ്യോഗികമായി കൈമാറും. വ്യോമസേനയിലെ പൈലറ്റുമാര്‍ക്ക് ചടങ്ങിന്റെ ഭാഗമായി 1500 മണിക്കൂര്‍ പരിശീലനവും സംഘടിപ്പിച്ചിട്ടുണ്ട്.

ഇപ്പോള്‍ ഔദ്യോഗികമായി റാഫേല്‍ പോര്‍ വിമാനം കൈമാറുമെങ്കിലും പൂര്‍ണ സജ്ജമായ വിമാനം 2020 മേയ് മാസത്തിലായിരിക്കും ഇന്ത്യയില്‍ എത്തുക എന്നാണ് റിപ്പോര്‍ട്ട്. 2020 മെയ് ഓടെ ഇന്ത്യയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന നാല് കോംബാറ്റ് ജെറ്റുകളുടെ ആദ്യ ബാച്ച് പാക് അതിര്‍ത്തിയോട് ചേര്‍ന്ന അംബാല വ്യോമതാവളത്തില്‍ വിന്യസിക്കും.

150ലേറെ കിലോമീറ്ററുകള്‍ സഞ്ചരിച്ച് പ്രഹരിക്കാന്‍ കഴിയുന്ന അത്യാധുനിക മിസൈലുകള്‍ വഹിക്കാന്‍ ശേഷിയുള്ള റാഫേല്‍ വിമാനങ്ങള്‍ക്ക് പാക്ക് സൈന്യം ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ സാധിക്കുമെന്നാണ് പ്രതിരോധ വിദഗ്ദ്ധര്‍ പറയുന്നത്.

36 റാഫേല്‍ യുദ്ധവിമാനങ്ങളാണ് ഇന്ത്യ ഫ്രാന്‍സില്‍ നിന്ന് വാങ്ങുന്നത്.അതില്‍ ഗോര്‍ഡന്‍ ആരോസ് എന്ന് പേര് നല്‍കിയിരിക്കുന്ന 18 യുദ്ധവിമാനങ്ങളാണ് അംബാല വ്യോമതാവളത്തിലെ സ്‌ക്വാഡ്രണിലുണ്ടാകുക. 220 കോടി രൂപയാണ് ആംബാലയില്‍ വിമാനങ്ങളുടെ അറ്റകുറ്റ പണി ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കാനായി അനുവദിച്ചിട്ടുള്ളത്. റാഫേല്‍ നിര്‍മ്മാതാക്കളായ ഡസാള്‍ട്ട് ഏവിയേഷന്റെ വിവിധ സംഘങ്ങള്‍ അംബാല സന്ദര്‍ശിച്ച് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു. ബാക്കി 18 റാഫേല്‍ യുദ്ധ വിമാനങ്ങള്‍ ബംഗാളിലെ ഹാസിമാറ വ്യോമതാവളത്തിലാണു വിന്യസിക്കുക.

Top