ന്യൂഡല്‍ഹി: റഫാല്‍ കേസിലെ സത്യം എന്തായാലും പുറത്ത് വരുമെന്നും സുപ്രീംകോടതി നിയമ തത്വം ഉയര്‍ത്തി പിടിച്ചെന്നും കോണ്‍ഗ്രസ്. റഫാല്‍ കേസില്‍ പുതിയ രേഖകള്‍ സ്വീകരിക്കാന്‍ കോടതി അനുമതി നല്‍കിയതിനു പിന്നാലെയാണ് കോണ്‍ഗ്രസ് പ്രതികരിച്ചിരിക്കുന്നത്.
റഫാല്‍ കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങള്‍ സുപ്രീംകോടതി തള്ളിയിരുന്നു. രേഖകള്‍ക്ക് വിശേഷാധികാരമില്ലെന്നാണ് കോടതി പറഞ്ഞത്.
പ്രശാന്ത് ഭൂഷണ്‍ സമര്‍പ്പിച്ച പുതിയ രേഖകള്‍ സ്വീകരിക്കുവാന്‍ കോടതി അനുമതി നല്‍കുകയും ചെയ്തു. പുതിയ രേഖകള്‍ പുന:പരിശോധനാ ഹര്‍ജികള്‍ക്കൊപ്പം പരിഗണിക്കും. പുന:പരിശോധനാ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്ന തിയതി പിന്നീട് തീരുമാനിക്കും. പ്രതിരോധ രേഖകള്‍ സ്വീകരിക്കുന്നതിനെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തിരുന്നു. തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ പ്രതിപക്ഷത്തിനും സര്‍ക്കാരിനും ഒരു പോലെ നിര്‍ണായകമാണ് സുപ്രീംകോടതി ഉത്തരവ്.
റഫാല്‍ ഇടപാടിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. ആ വിധി തുറന്ന കോടതിയില്‍ കേള്‍ക്കവെയാണ് പുതിയ രേഖകള്‍ ഹര്‍ജിക്കാര്‍ കോടതിക്ക് കൈമാറിയത്. പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിച്ച രേഖകളാണ് ഇതെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം. രാജ്യസുരക്ഷക്ക് തന്നെ ഭീഷണിയാകുന്ന രേഖകളാണ് ചോര്‍ത്തിയതെന്നും അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ കോടതിയെ അറിയിച്ചിരുന്നു.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി തന്നെ അധ്യക്ഷനായ ബെഞ്ചാണ് പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ചിരുന്നത്. ജസ്റ്റിസുമാരയ സഞ്ജയ് കിഷന്‍, കിഷന്‍ കൗള്‍, കെ.എം.ജോസഫ് എന്നിവരാണ് ബെഞ്ചിലെ മറ്റു അംഗങ്ങള്‍. ഈ ഹര്‍ജികള്‍ നിലനില്‍ക്കുമോ എന്നും കേസ് പുനഃപരിശോധിക്കണമോ എന്നതിലും കോടതി പിന്നീട് വിധി പറയും. അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍, മുന്‍ കേന്ദ്ര മന്ത്രിമാരായ യശ് വന്ത് സിന്‍ഗ, അരുണ്‍ ഷൂരി എന്നിവരാണ് ഹര്‍ജിക്കാര്‍.