ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ കോണ്‍ഗ്രസ് വീണ്ടും രംഗത്ത്. കരാര്‍ ഇനത്തില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനു 30,000 കോടി രൂപയാണ് ലഭിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
പ്രതിരോധ മേഖലയില്‍ ഒരു സ്വകാര്യ കമ്പനിക്കു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന കരാറാണിതെന്നും സ്വന്തമായി ഒരുതുണ്ട് സ്ഥലമോ കെട്ടിടമോ പോലുമില്ലാത്ത അവസ്ഥയിലാണു റിലയന്‍സിനു കരാര്‍ നല്‍കിയത്. ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ കരാര്‍ ഒപ്പിടുന്നതിനു രണ്ടാഴ്ച മുന്‍പാണു റിലയന്‍സ് ഡിഫന്‍സ് സ്ഥാപിച്ചത്. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡില്‍നിന്നു കരാര്‍ റിലയന്‍സിനു നല്‍കിയത് എന്തിനെന്നു മോദിയും പ്രതിരോധ മന്ത്രിയും വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ഇതിനു മുന്‍പും നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒപ്പുവച്ച കരാറില്‍ ഖജനാവിന് 12,632 കോടി രൂപയുടെ നഷ്ടമുണ്ടായെന്നായിരുന്നു അന്ന് വിമര്‍ശിച്ചത്. റാഫേല്‍ പോര്‍വിമാനത്തിന്റെ നിര്‍മാണ കമ്പനിയായ ഡസോള്‍ട്ട് ഏവിയേഷന്റെ റിപ്പോര്‍ട്ടും കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടിയിരുന്നു.
റിപ്പോര്‍ട്ട് പ്രകാരം 2016ല്‍ 36 റഫാല്‍ വിമാനങ്ങള്‍ 7.5 കോടി പൗണ്ടിനാണ് ഇന്ത്യയ്ക്ക് വിറ്റത്. കമ്പനി ഓരോ ജെറ്റിനും 351 കോടി അധിക രൂപയാണ് സര്‍ക്കാരില്‍ നിന്ന് ഈടാക്കിയിരിക്കുന്നത്. അതേസമയം, ഖത്തറിനും ഈജിപ്തിനും നലകിയതിനേക്കാള്‍ കൂടുതല്‍ വിലയാണ് ഇന്ത്യയില്‍ നിന്നു ഈടാക്കിയതെന്നും കോണ്‍ഗ്രസ്സ് പറഞ്ഞു. 2015ല്‍ 7.9 ബില്യന്‍ തുകയ്ക്ക് 48 വിമാനങ്ങള്‍ കമ്പനി ഖത്തറിനു വിറ്റിരുന്നു.
റിപ്പോര്‍ട്ട് പ്രകാരം ഒരു വിമാനത്തിന് ഇന്ത്യയോട് ഈടാക്കിയത് 1670.7 കോടി രൂപ. ഖത്തറും ഈജിപ്തും ചെലവഴിച്ചത് 1319.8 കോടി രൂപയും. പതിനൊന്നു മാസം മുന്‍പ് ഖത്തറിനും ഈജിപ്തിനും വിറ്റതിനേക്കാളും 351 കോടി രൂപ അധിക വിലയാണ് ഒരു ജെറ്റിനു വേണ്ടി വാങ്ങിയത്. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, രണ്‍ദീപ് സിംഗ് സുര്‍ജേവാല, ജിത്ന്ദ്ര സിംഗ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഇക്കാര്യം അറിയിച്ചത്.
പ്രതിരോധ കരാര്‍ നടപടികളില്‍ കേന്ദ്രസര്‍ക്കാരുടെ നടപടികള്‍ക്കു യാതൊരു സുതാര്യതയുമില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. റഫാല്‍ കരാറില്‍ സാങ്കേതിക കൈമാറ്റം ഉള്‍പ്പെടുത്താനാകാത്തതും ദേശീയ താല്‍പര്യം ബലികഴിപ്പിച്ചുകൊണ്ടുള്ളതാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.