കാസര്‍ഗോഡ് : മോദിയെന്ന ദുര്‍ഭരണാധികാരിയുടെ യഥാര്‍ത്ഥ മുഖമാണ് റാഫേല്‍ അഴിമതിയിലൂടെ പുറത്തായതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ലോകം കണ്ട അഴിമതിക്കാരില്‍ തന്റെ സ്ഥാന ഒന്നാം സ്ഥാനത്താണന്നു രാജ്യത്തിന്റെ കാവല്‍ ഭടനായി വിശേഷിപ്പിച്ചു അധികാരത്തില്‍ വന്ന നരേന്ദ്ര മോദി തെളിയിച്ചിരിക്കുകയാണന്നു അദ്ദേഹം പറഞ്ഞു.
ഇത്രയും കാലം നടന്ന തിരഞ്ഞടുപ്പുകളെക്കാള്‍ കൂടുതല്‍ പ്രാധാന്യം ഉള്ളതാണ് അടുത്ത് വരുന്ന ലോക്സഭാ തിരഞ്ഞടുപ്പ്. ഒരു വശത്ത് ബി ജെ പിയുടെ കീഴില്‍ ഇരുണ്ട ശക്തികളും മറുപക്ഷത്ത് ജനാധിപത്യ മതേതര കക്ഷികളുമാണ് മത്സരം. ഇരുണ്ട ശക്തികളെ ഭരണത്തില്‍ നിന്നും തുരത്താന്‍ കോണ്‍ഗ്രസ് എന്ത് വിട്ടുവീഴ്ചയ്ക്കും തയാറാണ് എന്നതിന്റെ ഉദാഹരണമാണ് കര്‍ണാടകയിലും തെലുങ്കാനയിലും കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
നാലര വര്‍ഷത്തെ മോദി ഭരണത്തില്‍ നാട് ആകെ തകര്‍ന്നു. സാമ്പത്തിക ഭദ്രത താറുമാറായി.
ഇന്ധനവില നിയന്ത്രണമില്ലാതെ കുതിക്കുന്നു. ക്രൂഡ് ഓയില്‍ മാര്‍ക്കെറ്റിലെ വിലയ്ക്ക് അനുസരിച്ചാണ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വര്‍ധന എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, ഇന്ന് ക്രൂഡ് ഓയിലിന് ബാരലിന് 80 രൂപ മാത്രം ഉള്ളപ്പോള്‍ പെട്രോളിന്റെ വില ലിറ്ററിന് 85 രൂപയ്ക്ക് മുകളിലാണന്നും മോദി ഭരണത്തെ ഇല്ലാതാക്കേണ്ടത് രാജ്യത്തിന്റെ നിലനില്‍പ്പിനുതന്നെ അനിവാര്യമായിരിക്കുകയാണന്നും അദ്ദേഹം വ്യക്തമാക്കി.