മെല്‍ബണ്‍: പുരുഷ ടെന്നിസില്‍ ചരിത്രനേട്ടം സ്വന്തമാക്കി സ്പാനിഷ് താരം റാഫേല്‍ നദാല്‍. ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളെന്ന നേട്ടം ഇനി നദാലിന് സ്വന്തം. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ റഷ്യന്‍ താരം ഡാനില്‍ മെദ്‌വദേവിനെ ത്രില്ലര്‍ പോരില്‍ തോല്‍പ്പിച്ചാണ് നദാല്‍ ചരിത്രത്തിന്റെ നെറുകയിലെത്തിയത്. നദാലിന് 21 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളുണ്ട്. 20 ഗ്രാന്‍ഡ്സ്ലാം വീതം നേടിയ റോജര്‍ ഫെഡറര്‍, നൊവാക് ജോക്കോവിച്ച് എന്നിവരെയാണ് നദാല്‍ മറികടന്നത്.
മെല്‍ബണില്‍ നാലു മണിക്കൂറും 48 മിനിറ്റും നീണ്ടു നിന്ന അഞ്ചു സെറ്റ് പോരാട്ടത്തില്‍ 2-6, 6-7, 6-4, 6-4, 7-5 എന്ന സ്‌കോറിനായിരുന്നു സ്പാനിഷ് വസന്തം വിരിഞ്ഞത്.
താരത്തിന്റെ കരിയറിലെ ആറാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലായിരുന്നു ഇത്. നിലവില്‍ റോജര്‍ ഫെഡറര്‍, നൊവാക് ജോക്കോവിച്ച് എന്നിവര്‍ക്കൊപ്പം 20 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളുമായാണ് ഇക്കുറി റാഫേല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിന് എത്തിയത്. ഇരുവരുടെയും അഭാവത്തില്‍ മെല്‍ബണ്‍ കീഴടക്കി അവരെ പിന്തള്ളാനും റാഫേലിനായി.
ഇതിനു മുമ്പ് 2009ലാണ് നദാല്‍ അവസാനമായി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടിയത്. ഇത്തവണത്തെ കിരീടം നേട്ടത്തോടെ നാല് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളും രണ്ട് തവണ വീതം നേടുന്ന നാലാമത്തെ പുരുഷ താരമെന്ന നേട്ടവും നദാലിന് സ്വന്തമായി. ജോക്കോവിച്ച്, റോഡ് ലാവര്‍, റോയ് എമേഴ്‌സണ്‍ എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയവര്‍ മുന്‍ഗാമികള്‍. കൂടാതെ ഗ്രാന്‍ഡ് സ്ലാം ഫൈനലില്‍ ആദ്യ രണ്ടു സെറ്റുകളും നഷ്ടപ്പെട്ട ശേഷം കിരീടം നേടുന്ന ആദ്യ താരമെന്ന റെക്കോഡും നദാലിനെ തേടിയെത്തി.
തോറ്റെങ്കിലും ഇതിഹാസ താരത്തിനു മുന്നില്‍ അസാമാന്യ പോരാട്ടവീര്യം കാണിച്ചാണ് മെദ്‌വെദവ് കീഴടങ്ങിയത്. 25കാരനായ മെദ്വദെവിന്റെ നാലാം ഗ്രാന്‍ഡ്സ്ലാം ഫൈനലായിരുന്നു ഇത്. തുടര്‍ച്ചയായ രണ്ടാം ഗ്രാന്‍ഡ്സ്ലാം ഫൈനലും.