ന്യൂഡല്‍ഹി: റഫാല്‍ ഇടപാട് കേസുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ട് പൂര്‍ത്തിയായതായി സൂചന. റിപ്പോര്‍ട്ട് തിങ്കളാഴ്ച രാഷ്ട്രപതിക്ക് സമര്‍പ്പിക്കും. സിഎജി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കേന്ദ്രസര്‍ക്കാരിന് കൈമാറും. ഇതിന് ശേഷം പാര്‍ലമെന്റിന്റെ ഇരു സഭകളിലും സമര്‍പ്പിക്കുന്നതിനായി റിപ്പോര്‍ട്ട് ലോക്സഭാ സ്പീക്കര്‍ക്കും രാജ്യസഭാ അധ്യക്ഷനും കൈമാറും.
റഫാല്‍ ഇടപാട് കേസില്‍ പ്രതിപക്ഷം കേന്ദ്രസര്‍ക്കാരിനെതിരായി ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നതിനാല്‍ റിപ്പോര്‍ട്ടിന് വലിയ പ്രാധാന്യമാണ് കല്‍പിക്കപ്പെടുന്നത്. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ഫ്രഞ്ച് കമ്പനിയുമായി സമാന്തര ചര്‍ച്ച നടത്തിയതിന്റെ തെളിവുകള്‍ കഴിഞ്ഞ ദിവസം പ്രതിപക്ഷം പുറത്ത് കൊണ്ടുവന്നിരുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഈ നടപടിക്കെതിരെ പ്രതിരോധമന്ത്രാലയം സെക്രട്ടറി പ്രതിരോധമന്ത്രിക്ക് കത്ത് നല്‍കിയതായും പ്രതിരോധ മന്ത്രാലയത്തെ ഒഴിവാക്കി പി എം ഒ ചര്‍ച്ച നടത്തിയത് ഇന്ത്യന്‍ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാകുമെന്നാണ് വകുപ്പ് സെക്രട്ടറി കത്തില്‍ വ്യക്തമാക്കിയിരുന്നതായും വാര്‍ത്തകളുണ്ടായിരുന്നു.