ന്യൂഡല്‍ഹി: റഫാല്‍ കേസിലെ പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതി വിധി പറയുന്നതിനായി മാറ്റിവെച്ചു. പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് ചോര്‍ന്നിട്ടുള്ള രേഖകള്‍ കേസില്‍ ഉള്‍പ്പെടുത്തണോ വേണ്ടയോ എന്നതിലാണ് കോടതിയുടെ തീരുമാനം വരിക.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചിരിക്കുന്നത്. റഫാല്‍ യുദ്ധവിമാന ഇടപാടിനെക്കുറിച്ച് അന്വേഷണം വേണ്ടെന്ന വിധി പുനഃപരിശോധിക്കണമെന്നായിരുന്നു ഹര്‍ജിക്കാരായ പ്രശാന്ത് ഭൂഷണ്‍, യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവര്‍ ആവശ്യപ്പെട്ടത്.
വിധിയില്‍ പുനഃപരിശോധന ആവശ്യപ്പെട്ട് ഹര്‍ജിക്കാര്‍ നല്‍കിയ രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രാലയ സെക്രട്ടറി സുപ്രീം കോടതിയെ അറിയിച്ചിരുന്നു.