ന്യൂഡല്‍ഹി; മറ്റു വിമാനനിര്‍മാണ കമ്പനികള്‍ക്ക് വേണ്ടി രാഹുല്‍ വക്കാലത്ത് എടുത്തിരിക്കുകയാണെന്ന പ്രസ്താവനയുമായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ രാഹുല്‍ ഗാന്ധി കൂടുതല്‍ തെളിവുകള്‍ പുറത്ത് വിട്ട സാഹചര്യത്തിലാണ് രവിശങ്കര്‍ പ്രസാദ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
ഇന്ന് രാവിലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് റഫാല്‍ കേസുമായ് ബന്ധപ്പെട്ട് എയര്‍ബസ് ഉദ്യോഗസ്ഥന്റെ ഇ മെയില്‍ രാഹുല്‍ പുറത്തുവിട്ടത്. ഇന്ത്യയും ഫ്രാന്‍സുമായി റഫാല്‍ കരാറിന്റെ ധാരണാപത്രം ഒപ്പിടുന്നതിനു മുമ്പ് തന്നെ കരാറിനെ കുറിച്ച് അനില്‍ അംബാനിക്ക് അറിവുണ്ടായിരുന്നെന്നാണ് രാഹുലിന്റെ ആരോപണം. അനില്‍ അംബാനിയുടെ ഇടനിലക്കാരനായി പ്രധാനമന്ത്രി പ്രവര്‍ത്തിച്ചുവെന്നും രാഹുല്‍ ആരോപിച്ചു. ഇതിനെതിരെയാണ് ബി ജെ പി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
എന്നാല്‍ എയര്‍ബസ് കമ്പനി ഉദ്യോഗസ്ഥന്റെ ഇ മെയില്‍ രാഹുല്‍ ഗാന്ധിക്ക് എങ്ങനെയാണ് ലഭിച്ചതെന്നും, യു പി എ സര്‍ക്കാരിന്റെ കാലത്തെ ഇടപാടുകളുമായി ബന്ധപ്പെട്ട് എയര്‍ബസ് കമ്പനി തന്നെ സംശയത്തിന്റെ നിഴലിലാണെന്നും രവിശങ്കര്‍പ്രസാദ് പറഞ്ഞു.