റഫാല്‍ ഇടപാട്; സിഎജി റിപ്പോര്‍ട്ട് രാജ്യസഭയില്‍, കോണ്‍ഗ്രസ് പ്രതിഷേധത്തില്‍

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടിലെ സിഎജി റിപ്പോര്‍ട്ട് രാജ്യസഭയില്‍ വെച്ചു. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനാണ് റിപ്പോര്‍ട്ട് രാജ്യസഭയില്‍ വെച്ചത്. വിമാനങ്ങളുടെ അന്തിമ വില വിവരം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല.

അടിസ്ഥാനവില യുപിഎ ഭരണ കാലത്തേക്കാള്‍ 2.86 കുറവാണെന്നും റഫറാലിനേക്കാളും കുറഞ്ഞ വില മറ്റു കമ്പനികള്‍ വാഗ്ദാനം ചെയ്തില്ലെന്നും പുതിയ കരാറില്‍ വിമാനങ്ങള്‍ വേഗത്തില്‍ ലഭ്യമാകുമെന്നും ഫ്രാന്‍സില്‍ നിര്‍മ്മിച്ച് ലഭ്യമാക്കുന്ന വിമാനങ്ങളില്‍ വില വ്യത്യാസമില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

എന്നാല്‍, വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റിനു പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു.

അതേസമയം, മോദി റഫാല്‍ കരാര്‍ പ്രഖ്യാപിക്കും മുമ്പ് അനില്‍ അംബാനി ഫ്രഞ്ച് പ്രതിരോധ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയെന്ന വെളിപ്പെടുത്തല്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഫ്രഞ്ച് പ്രതിരോധ മന്ത്രി ജീന്‍ വെസ്‌ലെ ഡ്രിയാന്റെ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ഉപദേഷ്ടാക്കളുമായും റിലയന്‍സ് ഡിഫന്‍സ് കമ്പനി ഉടമ പാരീസിലെ ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ റഫാല്‍ കരാര്‍ പ്രഖ്യാപിക്കുന്നതിന് രണ്ടാഴ്ച മുമ്പ് അനില്‍ അംബാനി ജീന്‍ വെസ് ലെ ഡ്രിയാന്റെ ഓഫീസിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി, യോഗത്തില്‍ പ്രത്യേക പ്രതിരോധ ഉപദേഷ്ടാവ് ജീന്‍ ക്ലൗഡ് മാലറ്റ്, വ്യാവസായിക ഉപദേഷ്ടാവ് ക്രിസ്‌റ്റൊഫെ സലൊമണ്‍, സാങ്കേതിക ഉപദേഷ്ടാവ് ജെഫ്രി ബോക്വറ്റ് എന്നിവരാണ് പങ്കെടുത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2015 മാര്‍ച്ചിലായിരുന്നു മോദി കരാര്‍ പ്രഖ്യാപിച്ചത്.

അംബാനിയുമായുള്ള കൂടിക്കാഴ്ച വളരെ പെട്ടന്നായിരുന്നുവെന്നും രഹസ്യസ്വഭാവമുള്ളതായിരുന്നുവെന്നും യൂറോപ്യന്‍ പ്രതിരോധ കമ്പനി ഉദ്യോഗസ്ഥനോട് ക്രിസ്റ്റൊഫെ സലൊമണ്‍ വെളിപ്പെടുത്തി, യോഗത്തില്‍ അംബാനി എയര്‍ബസ് ഹെലികോപ്ടറുമായി ചേര്‍ന്ന് പ്രതിരോധ ഹെലികോപ്ടറും കൊമേഴ്‌സ്യല്‍ ഹെലികോപട്‌റും നിര്‍മിക്കുന്നതില്‍ താല്‍പര്യമുണ്ടെന്നും അറിയിച്ചിരുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മോദി ഫ്രാന്‍സ് സന്ദര്‍ശിക്കുമ്പോള്‍ ധാരണാപത്രം(എം.ഒ.യു) ഒപ്പുവക്കാനുള്ള സാധ്യത സംബന്ധിച്ച് അനില്‍ അംബാനി ഫ്രഞ്ച് ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. ധാരണാപത്രം തയാറായി വരുകയാണ് എന്നാണ് അംബാനി അറിയിച്ചത്.

2015 ഏപ്രില്‍ ഒമ്പതിനാണ് നരേന്ദ്ര മോദി ഔദ്യോഗിക സന്ദര്‍ശനത്തിനായി ഫ്രാന്‍സിലെത്തിയത്. അനില്‍ അംബാനി പ്രധാനമന്ത്രിയുടെ പ്രതിനിധിസംഘത്തിന്റെ ഭാഗമായി കൂടെയുണ്ടായിരുന്നു. മോദിയും അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാണ്ടും 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാര്‍ സംബന്ധിച്ച് പ്രഖ്യാപനവും സംയുക്ത പ്രസ്താവനയും നടത്തി. 2015 മാര്‍ച്ച് 28നാണ് റിലയന്‍സ് ഡിഫന്‍സ് കമ്പനി നിലവില്‍ വന്നത്. ഇതേ ആഴ്ചയാണ് അനില്‍ അംബാനിയും ഫ്രഞ്ച് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതും.

2015 ലെ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍, പ്രധാനമന്ത്രിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയവും പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡും (എച്ച്.എ.എല്‍) മാണ് കരാറില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്നാണ് പറഞ്ഞത്. കരാര്‍ സാങ്കേതികമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതായതിനാല്‍ വിശദമായ ചര്‍ച്ചകള്‍ ആവശ്യമാണെന്നും ജയശങ്കര്‍ പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക സന്ദര്‍ശനത്തിന് ഇതുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എല്‍ 108 റഫാല്‍ വിമാനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ലൈസന്‍സ് നേടിയിരുന്നുവെങ്കിലും പുതിയ കരാറില്‍ കമ്പനിയെ ഉള്‍പ്പെടുത്തിയിരുന്നില്ല.

Top