ന്യൂഡല്‍ഹി: റഫാല്‍ കരാറുമായി ബന്ധപ്പെട്ട് യുപിഎ സര്‍ക്കാരിന്റെ നടപടിക്രമങ്ങള്‍ സുതാര്യമാണെന്ന് വ്യക്തമാക്കി മുന്‍ പ്രതിരോധ മന്ത്രി എ കെ ആന്റണി. കരാര്‍ നാല് വര്‍ഷം വൈകിപ്പിച്ചത് എന്‍ഡിഎ സര്‍ക്കാരാണെന്നും. തെറ്റായ പ്രചാരണമാണ് മോദി നടത്തുന്നതെന്നും ആന്റണി ആരോപിച്ചു.
സിഎജി റിപ്പോര്‍ട്ടില്‍ റഫാലില്‍ നാല് വര്‍ഷം നഷ്ടപ്പെടുത്തിയത് എന്‍ഡിഎ സര്‍ക്കാരാണെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ടെന്നും, ബിജെപി നേതാക്കള്‍ വിലയുമായി ബന്ധപ്പെട്ട് പരാതി ഉന്നയിച്ചപ്പോഴാണ് പ്രതിരോധ മന്ത്രിയായിരുന്ന താന്‍ പുന:പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയതെന്നും ആന്റണി പറയുന്നു.
പുനപരിശോധന സമിതി ഡാസോയെ തെരഞ്ഞെടുത്ത ലേലം റദ്ദാക്കാന്‍ നിര്‍ദ്ദേശിച്ച് റിപ്പോര്‍ട്ട് നല്‍കിയത് മോദി സര്‍ക്കാരിന്റെ കാലത്താണെന്നും പിന്നെയും കരാറുമായി എന്തിനാണ് മോദി മുന്നോട്ട് പോയതെന്നും ചോദിച്ച ആന്റണി വിഷയത്തില്‍ മോദി മറുപടി പറയണമെന്നും ആവശ്യപ്പെട്ടു.
യുപിഎ ഭരണകാലത്ത് ഇന്ത്യന്‍ സേന നടത്തിയിരുന്ന ഓപ്പറേഷനുകളുടെ വിശദാംശങ്ങള്‍ പങ്ക് വച്ചിരുന്നത് പ്രതിരോധ വക്താവാണെന്നും അല്ലാതെ പാര്‍ട്ടി അധ്യക്ഷ അല്ലെന്നും വിമര്‍ശിച്ച ആന്റണി, സേനയെ രാഷ്ട്രീയ വത്കരിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.