ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ അന്വേഷണം വേണ്ടെന്ന വിധി പുന:പരിശോധിക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു. യുദ്ധവിമാനങ്ങള്‍ കുറഞ്ഞ വിലയ്ക്കാണ് ഇന്ത്യ കമ്പനിയില്‍ നിന്ന് വാങ്ങിയതെന്നു കാണിച്ചായിരുന്നു കേന്ദ്രത്തിന്റെ സത്യവാങ്മൂലം.
അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലാണ് കേന്ദ്രസര്‍ക്കാരിന് വേണ്ടി സത്യവാങ്മൂലം സമര്‍പ്പിച്ചത്. റഫാല്‍ ഇടപാടിനെതിരായി നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ നിലവിലെ വിധി വസ്തുതകളെ അടിസ്ഥാനപ്പെടുത്തിയാണെന്നും അടിസ്ഥാനരഹിതമായ ചില മാധ്യമറിപ്പോര്‍ട്ടുകളുടെ മാത്രം അടിസ്ഥാനത്തില്‍ വിധി പുനഃപരിശോധിക്കരുതെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുമായി ബന്ധപ്പെട്ട് രഹസ്യചര്‍ച്ച നടത്തിയിട്ടില്ല. കരാറുമായി ബന്ധപ്പെട്ടുള്ള പുരോഗതി നിരീക്ഷിക്കുക മാത്രമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ചെയ്തതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഈ കേസില്‍ എന്തെങ്കിലും അന്വേഷണം നടന്നാല്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറേണ്ടി വരും. ഇത് രേഖകളുടെ രഹസ്യ സ്വഭാവം ഇല്ലാതാക്കും. റഫാല്‍ വിമാനങ്ങളുടെ വില, വാങ്ങിയ വില ഇതൊന്നും വെളിപ്പെടുത്താനാകില്ല. ഇതും കരാറിന്റെ രഹസ്യസ്വഭാവം ഇല്ലാതാക്കുന്നതാണ്.
മാധ്യമങ്ങളില്‍ പുറത്തുവന്ന വാര്‍ത്തകള്‍ പ്രതിരോധമന്ത്രാലയത്തിന്റെ ആഭ്യന്തര രേഖകള്‍ മാത്രമാണ്, രഹസ്യരേഖകളല്ല. അതില്‍ വിവാദം ആരോപിക്കേണ്ട കാര്യമില്ല. ഒരു കരാര്‍ രൂപീകരിക്കുമ്‌ബോഴുള്ള സ്വാഭാവികമായ ആശയവിനിമയം മാത്രമേ ഇവിടെയുമുണ്ടായിട്ടുള്ളൂ എന്നും കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.
റാഫേല്‍ പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്നത് നാലാഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു. മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ച് മേയ് നാലുവരെ സമയം നല്‍കിയിരുന്നു. മേയ് ആറിനാണ് കേസ് ആറിന് പരിഗണിക്കുന്നത്. റാഫേലില്‍ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ തള്ളിയ ഡിസംബര്‍ 14ലെ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, പ്രശാന്ത് ഭൂഷണ്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്.
മാദ്ധ്യമങ്ങള്‍ പുറത്തുവിട്ട രേഖകളുടെ അടിസ്ഥാനത്തില്‍ റിവ്യൂ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി നേരത്തേ തീരുമാനിച്ചിരുന്നു. പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും അതുവരെ ഹര്‍ജി പരിഗണിക്കുന്നത് നീട്ടണമെന്നുമായിരുന്നു കേന്ദ്രത്തിന്റെ വാദം. തിരഞ്ഞെടുപ്പ് കഴിയും വരെ വാദം നീട്ടാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് അന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.