ബൊഫേഴ്സും റഫേലും ഒന്ന് തന്നെ . . . ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ !

ഴിമതിയുടെ കാര്യത്തില്‍ ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളായാണ് കോണ്‍ഗ്രസ്സ്-ബി.ജെ.പി നേതൃത്വങ്ങള്‍ വിലയിരുത്തപ്പെടുന്നത്.

ബൊഫേഴ്‌സ് ഇടപാടിലൂടെ രാജ്യത്തിന് അപമാനമായ കോണ്‍ഗ്രസ്സ് എന്തിനാണ് റഫേല്‍ ഇടപാടില്‍ മോദിയെ കുരിശിലേറ്റാന്‍ ശ്രമിക്കുന്നതെന്നാണ് ബി.ജെ.പിയുടെ ചോദ്യം. പ്രതിരോധ രംഗത്തെ ഈ രണ്ട് വമ്പന്‍ ഇടപാടുകളും കേന്ദ്രത്തില്‍ ഒരു മൂന്നാം ചേരിയുടെ അനിവാര്യതയാണ് ഇപ്പോള്‍ ബോധ്യപ്പെടുത്തുന്നത്.

1989ലെ തെരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധിയുടെ പരാജയത്തിന് ഇട വരുത്തിയ കോസാണ് ബൊഫേഴ്‌സ് ആയുധ കച്ചവടം. 1986 മര്‍ച്ച് 24നാണ് 155 എംഎം പീരങ്കികള്‍ വാങ്ങുന്നതിനായി സ്വീഡനിലെ ബൊഫേഴ്‌സ് കമ്പനിയുമായി 1700 കോടിയുടെ കരാറില്‍ കേന്ദ്രസര്‍ക്കാര്‍ ഒപ്പിട്ടത്. ഇതിനായി ഇന്ത്യയിലെ ഭരണനേതാക്കളും ഉദ്യോഗസ്ഥരും 64 കോടി രുപ കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം.

കോണ്‍ഗ്രസ്സിനെതിരെ ഇപ്പോഴും മറ്റു പാര്‍ട്ടികള്‍ ആയുധമാക്കുന്ന ആരോപണമാണിത്. വീണ്ടും ഒരു ലോക്‌സഭാ തെരഞ്ഞെടുപ്പിന് രാജ്യം വേദിയാകുമ്പോള്‍ വീണ്ടുമൊരു പ്രതിരോധ ഇടപാട് ഇപ്പോഴത്തെ പ്രതിപക്ഷത്തിന് തെരഞ്ഞെടുപ്പ് ആയുധമായിരിക്കുകയാണ്.

റഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രതിരോധത്തിലാക്കുന്ന ഇമെയില്‍ രേഖകള്‍ രാഹുല്‍ ഗാന്ധിയാണ് പുറത്ത് വിട്ടിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി അനില്‍ അംബാനിക്ക് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്. ഇതിന് തെളിവായി എയര്‍ബസ് ഉദ്യോഗസ്ഥന്റെ ഇമെയില്‍ സന്ദേശമാണ് രാഹുല്‍ പുറത്ത് വിട്ടത്.

ഇടപാടിന് മുമ്പ് അനില്‍ അംബാനി എങ്ങനെ ഫ്രഞ്ച് പ്രതിരോധ മന്ത്രിയെ കണ്ടുവെന്നും. മോദി കരാര്‍ ഒപ്പിടുമെന്ന് പത്ത് ദിവസം മുമ്പ് അനില്‍ അംബാനി എങ്ങനെ അറിഞ്ഞുവെന്നും രാഹുല്‍ ചോദിക്കുന്നു. മോദി അംബാനിയുടെ ഇടനിലക്കാരനായെന്നും, അംബാനിക്ക് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിലൂടെ പ്രധാനമന്ത്രി ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചുവെന്നും രാഹുല്‍ ആരോപിക്കുന്നു.

എന്നാല്‍ രാഹുലിന്റെ ആരോപണം സഹോദരീ ഭര്‍ത്താവ് റോബര്‍ട്ട് വദ്രക്ക് എതിരായ അന്വേഷണം ശക്തമായതിനെ തുടര്‍ന്നാണെന്ന് ബി.ജെ.പി ആരോപിക്കുന്നു. കള്ളപ്പണ കേസും അനധികൃത വസ്തു ഇടപാടുകളും അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ക്ക് മുന്നില്‍ സ്വന്തം അമ്മയെയും കൊണ്ട് പോകേണ്ട ഗതികേട് വദ്രക്ക് ഉണ്ടായിരുന്നു.

എന്‍ഫോഴ്‌സ്‌മെന്റ് ആസ്ഥാനത്തേക്ക് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ വദ്രയെ പ്രിയങ്കഗാന്ധി തന്നെ അനുഗമിച്ചതും തെറ്റായ സന്ദേശമാണ് നല്‍കിയിരുന്നത്. ഈ നടപടി കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കിടയില്‍ പോലും ശക്തമായ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്.

അഴിമതിയുടെ കറ പുരണ്ട ബി.ജെ.പി കോണ്‍ഗ്രസ്സ് നേതൃത്വങ്ങളില്‍ ആര് തന്നെ പ്രധാനമന്ത്രി ആയാലും ഒരേ സാഹചര്യമാണ് ഉണ്ടാകുക എന്നതാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.ഇതിനൊരു മാറ്റം വരണമെങ്കില്‍ രാജ്യത്ത് മൂന്നാം ബദല്‍ ശക്തമാക്കണം .ഇപ്പോള്‍ ചിന്നഭിന്നമായി കിടക്കുന്ന പ്രാദേശിക പാര്‍ട്ടികളുടെ ഒരു ഐക്യം കേന്ദ്രത്തില്‍ രൂപപ്പെടേണ്ടതുണ്ട്.

എന്‍.ഡി.എക്ക് ഭൂരിപക്ഷം ലഭിക്കാതെ ഇരിക്കുകയും പ്രതിപക്ഷത്ത് യു പി.എക്കാള്‍ കൂടുതല്‍ സീറ്റുകള്‍ മറ്റു മതേതര പാര്‍ട്ടികള്‍ക്ക് ലഭിക്കുകയും ചെയ്താല്‍ മൂന്നാം ബദലിന് രാജ്യം ഭരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടും. ഇത്തരമൊരു ഘട്ടത്തില്‍ കോണ്‍ഗ്രസ്സിനും മൂന്നാം ബദലിനെ പിന്തുണക്കേണ്ടി വരും.


മൂന്നാം ബദലിനെ കുറിച്ച് തിരഞ്ഞെടുപ്പിന് ശേഷം ചര്‍ച്ച ചെയ്യുമെന്നാണ് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമായിരിക്കുന്നത്. കേന്ദ്രം ആര് ഭരിക്കണമെന്ന് പ്രദേശിക പാര്‍ട്ടികളാകും തീരുമാനിക്കുക എന്നാണ് അഭിപ്രായ സര്‍വേകളും ചുണ്ടിക്കാണിക്കുന്നത്.

Top