ഇന്ത്യയ്ക്ക് അഭിമാനം; റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇനി വ്യോമസേനയ്ക്ക് സ്വന്തം

ന്യൂഡല്‍ഹി: കാത്തിരിപ്പുകള്‍ക്കൊടുവില്‍ റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി. ആദ്യ ബാച്ചിലെ അഞ്ച് വിമാനങ്ങളാണ് ഇന്ന് ഔദ്യോഗികമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത്. ചടങ്ങുകളുടെ ഭാഗമായി സര്‍വമത പ്രാര്‍ഥനയും (സര്‍വ്വ ധര്‍മ്മ പൂജ) നടന്നു. അംബാല വ്യോമസേന താവളത്തില്‍ നടന്ന ചടങ്ങില്‍ ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ളോറന്‍സ് പാര്‍ലി മുഖ്യാതിഥിയായി.

റാഫേല്‍, തേജസ് വിമാനങ്ങളുടെ വ്യോമാഭ്യാസ പ്രകടനം, സാരംഗ് എയറോബാറ്റിക് ടീം നടത്തുന്ന പ്രകടനം പരമ്പരാഗതമായ ജല പീരങ്കി അഭിവാദ്യം എന്നിവയും ചടങ്ങില്‍ നടന്നു

ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത്, വ്യോമസേനാ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ്. ഭദൗരിയ, പ്രതിരോധ സെക്രട്ടറി ഡോ. അജയ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജൂലായ് 27ന് ഫ്രാന്‍സില്‍ നിന്നാണ് ആദ്യ ബാച്ചില്‍പ്പെട്ട വിമാനങ്ങള്‍ ഇന്ത്യയിലെത്തിയത്. 58,000 കോടി രൂപ ചെലവിട്ട് 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനാണ് ഇന്ത്യ ഫ്രാന്‍സുമായി കരാര്‍ ഒപ്പു വെച്ചത്.

രണ്ടാമത്തെ ബാച്ച് വിമാനങ്ങള്‍ നവംബറോടെ ഇന്ത്യയില്‍ എത്തും. 24500 കിലോ ഗ്രാം ഭാരം വരെ വഹിക്കാന്‍ റഫാലിന് സാധിക്കും. ഭാരം 10 ടണ്ണാണ്. മണിക്കൂറില്‍ പരമാവധി 1380 കിലോ മീറ്റര്‍ വേഗത്തില്‍ പറക്കാന്‍ സാധിക്കുന്ന വിമാനത്തിന് രണ്ട് എഞ്ചിനുകളാണ് ഉള്ളത്. 2021 അവസാനത്തോടെ മുഴുവന്‍ വിമാനങ്ങളും ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ട്.

Top