ഇന്ത്യയുടെ സേനാ കരുത്തിന് ബലംകൂട്ടാന്‍ റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ന് ഇന്ത്യയിലെത്തും

ഫ്രാന്‍സില്‍ നിന്നും ഇന്ത്യ വാങ്ങുന്ന റഫാല്‍ യുദ്ധവിമാനങ്ങളുടെ ആദ്യ സെറ്റ് ഇന്ന് ഇന്ത്യയിലെത്തും. രാവിലെ പതിനൊന്ന് മണിക്ക് ഹരിയാനയിലെ അംബാലയില്‍ വ്യോമസേന മേധാവി റഫാല്‍ യുദ്ധവിമാങ്ങള്‍ സ്വീകരിക്കും. കഴിഞ്ഞ ദിവസം ഫ്രാന്‍സില്‍ നിന്നും പുറപ്പെട്ട റാഫേല്‍ യുഎഇയിലെ അല്‍ദഫ്‌റ സൈനിക വിമാനത്താവളത്തില്‍ ഒരു ദിവസം വിശ്രമിച്ചാണ് ഇന്ന് ഇന്ത്യയിലേക്ക് പുറപ്പെടുന്നത്. അതിനിടെ റഫാലില്‍ ആകാശ യാത്ര മധ്യേ ഇന്ധനം നിറക്കുന്നതിന്റെ ചിത്രങ്ങള്‍ വ്യോമസേന പുറത്തുവിട്ടിരുന്നു.

ഇന്ത്യന്‍ പ്രതിരോധ മേഖലയില്‍ നാഴികകല്ലാകുമെന്ന വിശേഷിപ്പിക്കപ്പെടുന്ന റഫാലിന്റെ 10 സെറ്റുകളാണ് ദസോ ഏവിയേഷന്‍ കമ്പനി ആദ്യമായി ഇന്ത്യക്ക് കൈമാറിയത്. ഇതില്‍ അഞ്ചെണ്ണം പരിശീലനത്തിനായി ഫ്രാന്‍സില്‍ തന്നെയാണുള്ളത്. ബാക്കി 5 എണ്ണമാണ് ഇന്ന് ഇന്ത്യയിലെത്തുന്നത്.

17 ഗോള്‍ഡന്‍ ആരോസ് സ്‌ക്വാഡ്രണിലെ കമാന്‍ഡിങ് ഓഫീസറും ഫ്രഞ്ച് പൈലറ്റും ചേര്‍ന്നാണ് വിമാനം ഇന്ത്യയിലെത്തിക്കുന്നത്. അതേസമയം, ഇന്ത്യന്‍ വ്യോമസേനയും ഗ്രൗണ്ട് ക്രൂവും പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ലോകത്തെ ഏറ്റവും മികച്ച ദീര്‍ഘദൂര എയര്‍ മിസൈലുകള്‍ സജ്ജമാക്കിയ റഫാലിന്റെ വരവ് വ്യോമസേനയുടെ ശക്തി ഇരട്ടിയാക്കും. ലഡാക്കിലെ ചൈനീസ് കയ്യേറ്റത്തിന് പിന്നാലെയാണ് ഇന്ത്യ റഫാല്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ വേഗത്തില്‍ ആക്കിയത്.

Top