റഫാൽ ഇടപാടിൽ കേന്ദ്രസര്‍ക്കാരിനെ വിവാദത്തിലാക്കി പുതിയ വെളിപ്പെടുത്തൽ. ഫ്രഞ്ച് കമ്പനിയായ ഡസോയിൽ നിന്ന് റഫാൽ യുദ്ധ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറിൽ ഇന്ത്യയിലെ ഇടനിലക്കാരന് സമ്മാനമായി കമ്പനി പത്ത് ലക്ഷം യൂറോ കൈമാറിയെന്നാണ് ഫ്രഞ്ച് മാധ്യമത്തിൻ്റെ റിപ്പോര്‍ട്ട്. 2016ൽ ഇന്ത്യയും ഫ്രാൻസും തമ്മിൽ റഫാൽ കരാര്‍ ഒപ്പിട്ടതിനു പിന്നാലെ ഈ തുക കൈമാറിയെന്നാണ് റിപ്പോര്‍ട്ട്.
ഫ്രാൻസിലെ അഴിമതി വിരുദ്ധ ഏജൻസി നടത്തിയ പരിശോധനയിലാണ് ഈ കമ്മീഷൻ ഇടപാട് കണ്ടെത്തിയതെന്നാണ് പറയുന്നത്. റഫാൽ വിമാനങ്ങളുടെ 50 വലിയ മാതൃകകള്‍ ഉണ്ടാക്കാനാണ് ഈ പണം ചെലവഴിച്ചതെന്നാണ് കമ്പനി പറയുന്നതെന്നും എന്നാൽ ഇവ ഉണ്ടാക്കിയതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ഈ കരാറിൽ ബന്ധപ്പെട്ട മറ്റു കക്ഷികളുടെ കണക്കിൽ വ്യത്യാസമുണ്ടെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
അതേസമയം, ഇത്തരത്തിൽ ദുരൂഹമായ ഇടപാടുകള്‍ കണ്ടെത്തിയിട്ടും കമ്പനിയ്ക്കെതിരെ എന്തെങ്കിലും നിയമനടപടികള്‍ സ്വീകരിക്കുമെന്നുള്ള വാര്‍ത്തകളില്ല. രാജ്യത്തെ നീതിന്യായ വ്യവസ്ഥയ്ക്കും രാഷ്ട്രീയ നേതൃത്വത്തിനുമെതിരെയാണ് ചോദ്യചിഹ്നം ഉയരുന്നതെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. പ്രതിരോധ രംഗത്തെ കരാറുമായി ബന്ധപ്പെട്ട പണമിടപാടുകളിൽ സംശയമുണ്ടെന്ന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന വിഭാഗമാണ് ഈ ഇടപാടു സംബന്ധിച്ച സൂചന നല്‍കിയത്. ഡെഫ്സിസ്എന്ന ഇന്ത്യൻ കമ്പനിയ്ക്കാണ് തുക കൈമാറിയതെന്നം സാധാരണ ഗതിയിൽ സമ്മാനമായി കൈമാറുന്ന തുകയെക്കാള്‍ കൂടിയ തുകയാണ് നല്‍കിയതെന്നുമായിരുന്നു കണ്ടെത്തൽ.
2017 മാര്‍ച്ച് 30ന് പത്ത് ലക്ഷത്തിലധികം യൂറോ വരുന്ന ഇടപാടിൽ പകുതിയോളം തുകയാണ് കൈമാറിയതെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. റഫാൽ വിമാനങ്ങളുടെ 50 മാതൃകകള്‍ നിര്‍മിക്കാൻ എന്ന വിശദീകരണവുമായാണ് 1,017,850 യൂറോയുടെ കരാര്‍ ഒപ്പിട്ടത്. വിമാനത്തിൻ്റെ ഒരു മാതൃക നിര്‍മിക്കാൻ ഇതു പ്രകാരം പതിനേഴര ലക്ഷത്തോളം രൂപയാണ് കമ്പനി വാങ്ങിയത്. എന്നാൽ ഈ കരാര്‍ അനുസരിച്ച് വിമാനമാതൃകകള്‍ നിര്‍മിച്ചതു സംബന്ധിച്ച ഒരു രേഖയും കൈമാറാൻ ഡസോയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടിൽ പറയന്നു. ഇത്തരത്തിൽ കൈമാറിയ തുക സമ്മാനം എന്ന രീതിയിൽ കമ്പനി രേഖകളിൽ രേഖപ്പെടുത്തിയത് എന്തിനാണെന്നതിനും കമ്പനി വശദീകരണം നല്‍കിയിട്ടില്ല.
വിവാദമായ അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസിലടക്കം ഉയര്‍ന്നു കേട്ട വിവാദ വ്യവസായി സുഷൻ ഗുപ്തയുമായി ബന്ധമുള്ള സ്ഥാപനമാണ് പണം ലഭിച്ച ഡെഫ്സിസ് സൊല്യൂഷൻസ്. അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസിൽ അറസ്റ്റിലായ ഇയാള്‍ പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു.
ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള കരാര്‍ സംബന്ധിച്ചുള്ള വാര്‍ത്താ പരമ്പരയിൽ ആദ്യത്തെ ഭാഗമാണ് ഇതെന്നാണ് മീഡിയ പാര്‍ട്ട് ലേഖകൻ പറയുന്നത്. സംഭവത്തിൽ പ്രതികരിക്കാൻ ഇതുവരെ ഡസോയോ ഡെഫ്സിസോ തയ്യാറായിട്ടില്ല.