റഫാല്‍ ; കേന്ദ്രസര്‍ക്കാരിന് ക്ലീന്‍ചിറ്റ് നല്‍കിയതിനെതിരായ പുനഃപരിശോധനാ ഹര്‍ജികളില്‍ വിധി ഇന്ന്

ന്യൂഡല്‍ഹി : റഫാല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയത് പുനപരിശോധിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. റിവ്യൂ പെറ്റീഷനിലാണ് ഇന്ന് അന്തിമവിധി വരാനിരിക്കുന്നത്. രഞ്ജന്‍ ഗോഗോയ്, എസ് കെ കൗള്‍, കെ എം ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസില്‍ വിധി പറയുക.

റഫാല്‍ ഇടപാടില്‍ അന്വേഷണം വേണമെന്ന ആവശ്യം തള്ളിയ കോടതി വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രശാന്ത് ഭൂഷണ്‍ ഉള്‍പ്പടെയുള്ള ഹര്‍ജിക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റ് ചര്‍ച്ച ചെയ്തു എന്ന വിധിയിലെ പരാമര്‍ശം തിരുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരും സുപ്രീംകോടതിയില്‍ എത്തിയിരുന്നു.

36 റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യ വാങ്ങിയതില്‍ അഴിമതി ചൂണ്ടിക്കാട്ടി അഭിഭാഷകരായ എംഎല്‍ ശര്‍മ്മ, പ്രശാന്ത് ഭൂഷണ്‍, അരൂണ്‍ ഷൂരി തുടങ്ങിയവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. വിമാനത്തിന്റെ വില, നടപടിക്രമങ്ങള്‍ എന്നിവ ചോദ്യം ചെയ്തായിരുന്നു ഹര്‍ജി.

പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതിരോധ മന്ത്രാലയത്തെ മറികടന്ന് ഇടപെടല്‍ നടത്തിയെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഉള്‍പ്പെട്ട ബഞ്ച്, 2018 ഡിസംബറിലാണ് അന്വേഷണത്തിനുള്ള തെളിവ് ഹാജരാക്കാന്‍ ഹര്‍ജിക്കാര്‍ക്ക് ആയില്ലെന്ന് വിധിച്ചത്.

സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റ് പരിശോധിച്ചു എന്ന വിധിയിലെ പരാമര്‍ശം തിരുത്തണമെന്ന് സര്‍ക്കാരും സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. മേയ് 10നാണ് കേസ് വിധി പറയാന്‍ മാറ്റിവച്ചത്.

Top