ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരേസമയം കള്ളനും കാവല്‍ക്കാരനും കളിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി. റഫാല്‍ ഇടപാട് കേസില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിന്റെ തെളിവ് പുറത്തു വന്നതിന് പിന്നാലെയാണ് കേസില്‍ മോദി നേരിട്ട് ഇടപെട്ടെന്ന ആരോപണം തെളിഞ്ഞതായി രാഹുല്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്
മോദി വ്യോമസേനയുടെ 30,000 കോടി രൂപ മോഷ്ടിച്ച് അനില്‍ അംബാനിക്ക് നല്‍കി. റഫാല്‍ ഇടപാടിലെ പ്രധാനമന്ത്രിയുടെ പങ്കിനെക്കുറിച്ച് ഒരുവര്‍ഷമായി കോണ്‍ഗ്രസ് ആരോപണമുന്നയിക്കുകയാണ്. പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ പോലും ഈ വിഷയത്തില്‍ കള്ളം പറഞ്ഞു. അനില്‍ അംബാനിയുടെ കമ്പനിയെ തിരഞ്ഞെടുക്കാന്‍ മോദി നേരിട്ട് ഇടപെട്ടിരുന്നെന്ന് മുന്‍ഫ്രഞ്ച് പ്രസിഡന്റ് ഒലാന്ദെ വെളിപ്പെടുത്തിയിരുന്നെന്നും രാഹുല്‍ പറയുന്നു.
അനില്‍ അംബാനിയുടെ കമ്പനിക്ക് കരാര്‍ നല്‍കാനാണ് മോദി ഇടപെട്ടതെന്നും, പ്രധാനമന്ത്രി ഒരേസമയം കള്ളനും കാവല്‍ക്കാരനും കളിക്കുകയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. കോര്‍പറേറ്റ് യുദ്ധത്തില്‍ അനില്‍ അംബാനിയുടെ പ്രതിനിധിയാണ് മോദിയെന്നും രാഹുല്‍ ആരോപിച്ചു.
അതേസമയം, റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇന്ന് പാര്‍ലമെന്റിന്റെ ഇരു സഭകളും പന്ത്രണ്ടു മണി വരെ നിര്‍ത്തിവെച്ചു.