റഫാല്‍ കരാര്‍ സുപ്രീം കോടതിയിലേക്ക് ; ഈ മാസം 10നു വാദം കേള്‍ക്കും

ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാന കരാര്‍ സുപ്രീം കോടതിയിലേക്ക്. റഫാല്‍ കരാറുമായി ബന്ധപ്പെട്ടു സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ സുപ്രീംകോടതി ഈ മാസം 10നു വാദം കേള്‍ക്കും.

റഫാല്‍ കരാര്‍ സംബന്ധിച്ച വിശദാംശങ്ങളും എന്‍ഡിഎ, യുപിഎ സര്‍ക്കാരുകളുടെ കാലത്തെ കരാര്‍ തുക സംബന്ധിച്ച വിവരങ്ങളും സീല്‍ ചെയ്ത കവറില്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് അഭിഭാഷകനായ വിനീത് ദന്‍ദ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസുമാരായ എസ്.കെ. കൗള്‍, കെ.എം. ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചാണു ഹര്‍ജി പരിഗണിക്കുന്നത്.

അതേസമയം റഫാല്‍ വിമാനയിടപാടിന്റെ മറവില്‍ നടന്ന വന്‍ അഴിമതി സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) അന്വേഷിക്കണമെന്ന് ഇടതുപക്ഷ പാര്‍ട്ടികള്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു. റഫാല്‍ ഇടപാടില്‍ സംശയത്തിന്റെ സൂചിമുന പ്രധാനമന്ത്രിക്കു നേരെയാണുള്ളതെന്ന് സിപിഐ എം, സിപിഐ, സിപിഐ എംഎല്‍ എന്നീ പാര്‍ട്ടികള്‍ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

Top