14 വര്‍ഷത്തോളമായി സ്പാനിഷ് ടെന്നിസ് താരം റാഫേല്‍ നദാലിന് കൂട്ടായി മരിയയുണ്ട്. ഇരുട്ടില്‍ പ്രകാശമായും തളര്‍ച്ചയില്‍ കൈത്താങ്ങായും ഇവള്‍ നദാലിനോട് ചേര്‍ന്നിട്ട് വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞു. മരിയ ഫ്രാന്‍സിസ്‌ക പെരെല്ലോയും നദാലും ഒടുവില്‍ വിവാഹിതരാവുകയാണ്. വിവാഹം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് താരം.
സെസ്‌ക എന്നു വിളിപ്പേരുള്ള മരിയ ഫ്രാന്‍സിസ്‌ക നദാലിന്റെ നാട്ടുകാരിയാണ്. ചെറുപ്പത്തിലേ അടുത്തറിയാം. 2005 മുതല്‍ പ്രണയത്തിലാണെങ്കിലും പൊതുമധ്യത്തില്‍ ഇരുവരും ഒരുമിച്ച് വരുന്നത് അപൂര്‍വം. ഇക്കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നദാലിന്റെ കളി കാണാന്‍ മരിയ ഉണ്ടായിരുന്നു.
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ ദ്യോക്കോവിച്ചിനോട് തോറ്റ 32-കാരനായ നദാല്‍, വിവാഹതിനാകാന്‍ പോകുന്ന സന്തോഷവാര്‍ത്ത കഴിഞ്ഞദിവസം എല്ലാവരേയും അറിയിച്ചു. വിവാഹ തീയതി പുറത്തുവിട്ടിട്ടില്ല. ബാങ്കിങ് രംഗത്ത് ജോലിചെയ്തിരുന്ന മരിയ ഇപ്പോള്‍ റാഫേല്‍ നദാല്‍ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച് വരികയാണ്.