ജാര്‍ഖണ്ഡില്‍ അഞ്ച് വര്‍ഷം തികച്ച ആദ്യ സര്‍ക്കാര്‍; രഘുബര്‍ ദാസ് തിരിച്ചുവരുമോ?

ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഫലങ്ങള്‍ മാറിമറിയുമ്പോള്‍ ആര് അന്തിമവിജയം കുറിയ്ക്കുമെന്ന സംശയം ബാക്കിയാണ്. മുഖ്യമന്ത്രി രഘുബര്‍ ദാസ് അധികാരം നിലനിര്‍ത്താന്‍ പാടുപെടുകയുമാണ്. സംസ്ഥാനത്ത് അഞ്ച് വര്‍ഷം തികച്ച് ഭരിച്ച ആദ്യ സര്‍ക്കാര്‍ എന്ന പ്രത്യേകയാണ് രഘുബര്‍ ദാസ് സര്‍ക്കാരിനുള്ളത്.

എക്‌സിറ്റ് പോളുകള്‍ തൂക്കുസഭയാണ് പ്രവചിക്കുന്നതെങ്കിലും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നയിക്കുന്ന പ്രതിപക്ഷ സഖ്യത്തിന് മുന്‍തൂക്കവും നല്‍കുന്നുണ്ട്. എന്നാല്‍ അന്തിമഫലം പുറത്തുവരുമ്പോള്‍ ഫലങ്ങള്‍ ബിജെപിക്ക് അനുകൂലമായാല്‍ അടുത്ത സര്‍ക്കാരിനെ നയിക്കാന്‍ രഘുബര്‍ ദാസ് തന്നെയാണ് മുന്നിലുള്ളത്.

ബിജെപി വിമത നേതാവിനെയാണ് തന്റെ ഉറപ്പ് മണ്ഡലമായ ജാംസെദ്പൂര്‍ ഈസ്റ്റില്‍ ദാസിന് നേരിടേണ്ടി വന്നിരിക്കുന്നത്. രഘുബര്‍ ക്യാബിനറ്റില്‍ മന്ത്രി കൂടിയായ സരയൂ റോയിയാണ് ദാസിന്റെ എതിരാളി. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് ശേഷവും അടുത്ത സര്‍ക്കാര്‍ തങ്ങള്‍ക്ക് ഉണ്ടാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലായിരുന്നു ദാസ്.

1995ലാണ് ജാംഷെദ്പൂര്‍ ഈസ്റ്റില്‍ നിന്നും ദാസ് ആദ്യമായി വിജയിക്കുന്നത്. ബിഹാര്‍ മുറിച്ച് ജാര്‍ഖണ്ഡ് രൂപീകരണത്തിന് മുന്‍പായിരുന്നു ഇത്. ഇതിന് ശേഷം നാല് വട്ടം ഇതേ മണ്ഡലത്തില്‍ നിന്നും തുടര്‍ച്ചയായി വിജയം. 2014ല്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റ ദാസ് 2009ല്‍ ജെഎംഎം മേധാവി ഷിബു സോറന്‍ ബിജെപി പിന്തുണയോടെ മുഖ്യമന്ത്രിയായപ്പോള്‍ ഉപമുഖ്യമന്ത്രിയായിരുന്നു.

എന്നാല്‍ ഇക്കുറി ബിജെപി ഭൂരിപക്ഷം പിടിക്കാതെ പോയാല്‍ ആദിവാസി ഇതര വിഭാഗത്തില്‍ നിന്നുള്ള ദാസിന് കാര്യങ്ങള്‍ എളുപ്പമാകില്ല.

Top