ന്യൂഡല്‍ഹി: ഭാര്യ സമ്മതിക്കാത്തതിനാലാണ് താന്‍ രാഷ്ട്രീയത്തിലേക്കിറങ്ങാത്തതെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍.രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നത് കുടുംബ ജീവിതം സുഖകരമാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
”താന്‍ രാഷ്ട്രീയത്തിലേക്കിറങ്ങിയാല്‍ ഭാര്യ തനിക്കൊപ്പം ജീവിക്കില്ലെന്നാണ് പറയുന്നത് അതുകൊണ്ട് രാഷ്ട്രീയത്തിലേക്കില്ല. ചിലര്‍ വന്ന് പ്രഭാഷണങ്ങള്‍ നടത്തി വോട്ട് നേടുന്നു എന്നല്ലാതെ രാഷ്ട്രീയത്തില്‍ ഒരു മാറ്റങ്ങളുമില്ല. അത് എല്ലായിടത്തും ഒരുപോലെയാണ്. എനിക്കതില്‍ ഒരു തരത്തിലുള്ള അഭിരുചികളുമില്ല” രഘുറാം രാജന്‍ പറഞ്ഞു.
കോണ്‍ഗ്രസ് അധികാരത്തിലെത്താന്‍ ഒരുപാട് കടമ്പകള്‍ കടക്കാനുണ്ട്. നിര്‍ഭാഗ്യവശാല്‍ തനിക്ക് മന്ത്രി പദം ലഭിക്കുകയാണെങ്കില്‍ ആ ജോലി ഞാന്‍ കൃത്യമായി നിര്‍വ്വഹിക്കും. പൊതുമേഖലയിലായിരിക്കും പ്രധാനമായി പ്രവര്‍ത്തിക്കുന്നതെങ്കിലും വിദ്യാഭ്യാസ മേഖലയ്ക്കായിരിക്കും മുന്‍തൂക്കം നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു. പുതിയ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുന്നതിനോടോ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതിനോടോ താല്പര്യമില്ല. എന്റെ കാഴ്ചപ്പാടുകള്‍ എല്ലാവര്‍ക്കും അറിയാം. തന്റെ എഴുത്തുകളിലെല്ലാം അത് വ്യക്തമാക്കിയിട്ടുണ്ട്. ഒരിക്കലും രാഷ്ട്രീയ പ്രവര്‍ത്തകനാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും രഘുറാം കൂട്ടിച്ചേര്‍ത്തു.