Raghuram Rajan favors Yuan’s addition to IMF’s preferred international currency basket

ബീജിംഗ്: യുവാന്‍ അന്താരാഷ്ട്ര കറന്‍സിയാക്കാനുള്ള ചൈനയുടെ ശ്രമങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്റെ പിന്തുണ. അന്താരാഷ്ട്ര നാണയനിധി അംഗീകരിച്ചിട്ടുള്ള കറന്‍സികളില്‍ യുവാനെയും ഉള്‍പ്പെടുത്തണമെന്നും രഘുറാം രാജന്‍ ആവശ്യപ്പെട്ടു.

യുവാന്‍ അന്താരാഷ്ട്ര കറന്‍സിയാക്കുന്നതില്‍ ചൈന വിവിധ രാജ്യങ്ങളുടെ പിന്തുണ തേടുന്നുണ്ട്. ഐഎംഎഫിന്റെ അംഗീകാരമുള്ള കറന്‍സികളുടെ കൂട്ടത്തില്‍ യുവാനെ ഉള്‍പ്പെടുത്താനും ചൈന ഏറെക്കാലമായി ശ്രമിക്കുന്നതാണ്.

അന്താരാഷ്ട്ര വിപണിയില്‍ വന്‍ പങ്കാളിത്തമുള്ള ശക്തമായ സമ്പദ് വ്യവസ്ഥകളുടെ കറന്‍സിയെ അന്താരാഷ്ട്ര നാണയനിധിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ആര്‍ബിഐ ഗവര്‍ണറുടെ ആവശ്യം. സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയിലും അന്താരാഷ്ട്ര വിപണിയിലെ വളര്‍ച്ചയിലും ചൈന ഏറെ മുന്നിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചൈന തങ്ങളുടെ കറന്‍സിയുടെ മൂല്യം കുറയ്ക്കുന്നതിനെയും അദ്ദേഹം ന്യായീകരിച്ചു ചൈന വളരെ കുറഞ്ഞ തോതില്‍ മാത്രമാണ് യുവാന്റെ മൂല്യം കുറച്ചതെന്നും ഇത് കറന്‍സി യുദ്ധത്തിന് കാരണമാകില്ലെന്നും രഘുറാം രാജന്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യയില്‍ സ്വകാര്യനിക്ഷേപം കുറയുന്നതില്‍ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. പൊതുമേഖലയിലെ നിക്ഷേപത്തിലും കാര്യമായ കുറവുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിദേശനിക്ഷേപവും അടിസ്ഥാനസൗകര്യ മേഖലയിലെ വികസനവും ആഭ്യന്തരനിക്ഷേപത്തിലെ കുറവ് പരിഹരിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

Top