ഡൽഹി: റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തു. രാജസ്ഥാനിലെ സവായ് മധോപൂരിൽ കാൽനട ജാഥ എത്തിയപ്പോഴാണ് രഘുറാം രാജനും ഒപ്പം കൂടിയത്. യാത്രക്കിടെ രഘുറാം രാജനും രാഹുൽ ഗാന്ധിയും ചർച്ച നടത്തുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ആക്ടിവിസ്റ്റ് മേധാ പട്കർ, സ്വയം പ്രഖ്യാപിത ആൾദൈവം നാംദേവ് ദാസ് ത്യാഗി (കമ്പ്യൂട്ടർ ബാബ), നടി സ്വര ഭാസ്‌കർ, ബോക്‌സർ വിജേന്ദർ സിംഗ് എന്നിവരു കഴിഞ്ഞ ദിവസങ്ങളിൽ രാഹുൽ ഗാന്ധിയുടെ യാത്രയിൽ പങ്കെടുത്തിരുന്നു.
അതേസമയം, ഭാരത് ജോഡോ യാത്രയിൽ രഘുറാം രാജൻ പങ്കെടുത്തതിനെതിരെ ബിജെപി രംഗത്തെത്തി. രഘുറാം രാജൻ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തതിൽ അത്ഭുതമില്ലെന്നും അടുത്ത മൻമോഹൻസിങ്ങാണെന്ന് സ്വയം കരുതുന്ന ആളാണ് രഘുറാം രാജനെന്നും ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യ പറഞ്ഞു. ഇന്ത്യൻ സമ്പത്ത് രംഗത്തെ കുറിച്ചുള്ള വ്യാഖ്യാനം രഘുറാം രാജന്റെ അവജ്ഞയോടെ തള്ളണമെന്നും അദ്ദേഹത്തിന്റെ നിലപാട് അവസരവാദപരമാണെന്നും മാളവ്യ കുറ്റപ്പെടുത്തി.