2014 മെയില്‍ നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി ചുതലയേറ്റത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്‍ യുപിഎ സര്‍ക്കാരിന്റെ നിരവധി പ്രശ്‌നങ്ങളും ചുമലിലേറ്റിയാണെന്ന് മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. ഇന്ത്യ നിലവില്‍ കടന്നുപോകുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന കാരണങ്ങള്‍ ഈ പ്രശ്‌നങ്ങള്‍ തന്നെയാണെന്നും രാജന്‍ ചൂണ്ടിക്കാണിച്ചു.
ഇന്ത്യ ടുഡെയില്‍ എഴുതിയ ലേഖനത്തിലാണ് മോദി സര്‍ക്കാര്‍ ചുമക്കുന്ന ദുരിതങ്ങള്‍ രഘുറാം രാജന്‍ അക്കമിട്ട് നിരത്തിയത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് നിര്‍ത്തിവെച്ച നിരവധി ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതികളാണ് പ്രധാനമന്ത്രി മോദി തലയിലേറ്റിയ പ്രശ്‌നങ്ങളില്‍ ഒന്നെന്ന് രാജന്‍ പറയുന്നു. സ്ഥലം ഏറ്റെടുക്കല്‍, കല്‍ക്കരി, ഗ്യാസ് എന്നിവയുടെ ലഭ്യത കുറവ്, സര്‍ക്കാര്‍ ക്ലിയറന്‍സുകള്‍ ലഭിക്കുന്നത് വൈകല്‍ എന്നിവയാണ് പദ്ധതികള്‍ക്ക് തടസ്സമായി മാറിയത്.
ഊര്‍ജ്ജ ഉത്പാദനവും, വിതരണവുമാണ് രണ്ടാമത്തെ ഭാരം. വിതരണ കമ്പനികള്‍ കടത്തിലായതോടെ ഉത്പാദകര്‍ ബുദ്ധിമുട്ടിലായെന്നാണ് രാജന്‍ ചൂണ്ടിക്കാണിക്കുന്നത്. വിപണിയില്‍ ലോണ്‍ ലഭിക്കാത്ത അവസ്ഥയാണ് മൂന്നാമത്തെ വിഷയം. തിരിച്ചടയ്ക്കാത്ത ലോണുകള്‍ ബാങ്കിന്റെ ബാലന്‍സ് ഷീറ്റില്‍ എത്തിയതോടെ കടം കൊടുക്കുന്നത് ബാങ്ക് കുറച്ചു. തെറ്റായ നിരക്കും, സബ്‌സിഡികളുമായി കാര്‍ഷിക മേഖല വര്‍ഷങ്ങളായി തകര്‍ച്ചയിലാണ്.
കാര്‍ഷിക മേഖലയിലെ ഇടനിലക്കാരെ ഒഴിവാക്കാന്‍ കഴിയാത്ത പ്രതിസന്ധി മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമ്പോള്‍ ദുരിതമായി തലയിലേറി. പുതിയ ടെക്‌നോളജിയ്ക്കും, വിത്തിനും, ഭൂമിക്കും പണം നല്‍കേണ്ടതിന് പകരം കടം എഴുത്തിത്തള്ളി സഹായിച്ച സര്‍ക്കാരുകളുടെ പാപഫലവും മോദി സര്‍ക്കാരിന് അനുഭവിക്കേണ്ടി വന്നതായി മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.