ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ഉയര്‍ത്തുന്ന വെല്ലുവിളികളെ കുറിച്ച് വിദഗ്ധരുമായി ചര്‍ച്ച നടത്താന്‍ മുന്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമായും ആരോഗ്യ, സാമ്പത്തിക വിഷയങ്ങളെ കുറിച്ചുള്ള ചര്‍ച്ചയാണ് രാഹുല്‍ നടത്തുക. മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനുമായാണ് രാഹുല്‍ ആദ്യമായി സംസാരിക്കുക.
രാഹുല്‍ രഘുറാം രാജനുമായി ചര്‍ച്ച നടത്തുമെന്ന കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു. കൊവിഡ് വ്യാപനം രാജ്യത്തെ സാമ്പത്തിക രംഗത്തെ എങ്ങനെ ബാധിച്ചുവെന്നുള്ളതടക്കം അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളാണ് രഘുറാം രാജനടക്കമുള്ള വിദഗ്ധരുമായി സംസാരിക്കുക.
ഈ മഹാമാരി പടര്‍ന്നത് മൂലം തകര്‍ന്ന സാമ്പത്തിക രംഗത്തെ എങ്ങനെ പുനരുജ്ജീവിപ്പിക്കുള്ള ഏറ്റവും പ്രധാനപ്പെട്ട ചോദ്യങ്ങള്‍ ചര്‍ച്ചയില്‍ ഉയരും. കൊവിഡ് നേരിടുന്ന കാര്യങ്ങളെ കുറിച്ച് ആരോഗ്യ വിദഗ്ധരുമായി രാഹുല്‍ ചര്‍ച്ച നടത്തുമെന്നും സുര്‍ജെവാല കൂട്ടിച്ചേര്‍ത്തു. അതേസമയം, വന്‍തുക വായ്പയെടുത്ത് കുടിശ്ശിക വരുത്തിയവരുടെ വായ്പ എഴുതത്തള്ളിയെന്ന ആരോപണത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇതിനിടെ രംഗത്ത് വന്നു.
രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് വക്താവും നാണംകെട്ട രീതിയില്‍ രാജ്യത്തെ തെറ്റിധരിപ്പിക്കുന്നുവെന്നാണ് നിര്‍മ്മല സീതാരാമന്‍ ട്വിറ്ററില്‍ വിശദമാക്കിയത്. രാജ്യത്തെ പ്രമുഖരായ അന്‍പത് പേരുടെ കോടിക്കണക്കിന് രൂപയുടെ വായ്പ എഴുതത്തള്ളിയെന്ന റിസര്‍വ്വ് ബാങ്കിന്റെ വിവരാവകാശ മറുപടി വന്നതിന് പിന്നാലെയാണ് നിര്‍മ്മല സീതാരാമന്റെ വിമര്‍ശനം.