കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ വീണ്ടും റാഗിങ് പരാതി. ഒന്നാംവര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ഥികളാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരേ പ്രിന്‍സിപ്പലിന് പരാതി നല്‍കിയത്. ഹോസ്റ്റലില്‍ രാത്രിയില്‍ ഉറങ്ങാന്‍പോലും സമ്മതിക്കാതെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്യുന്നതായാണ് ആരോപണം.
ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ ക്ലാസിലിരുന്ന് ഉറങ്ങുന്നത് കണ്ട് അധ്യാപകര്‍ കാര്യം തിരക്കിയപ്പോഴാണ് റാഗിങ് വിവരം പുറത്തറിയുന്നത്. രാത്രി ഉറങ്ങാന്‍പോലും സീനിയര്‍ വിദ്യാര്‍ഥികള്‍ സമ്മതിക്കുന്നില്ലെന്നും റാഗിങ്ങിന് വിധേയരാക്കുകയാണെന്നും ഇവര്‍ തുറന്നുപറയുകയായിരുന്നു. പിന്നാലെയാണ് പ്രിന്‍സിപ്പലിന് പരാതി നല്‍കിയത്.
ഒന്നാംവര്‍ഷ വിദ്യാര്‍ഥികളുടെ പരാതിയില്‍ കോളേജിലെ റാഗിങ് വിരുദ്ധ സമിതി പ്രിന്‍സിപ്പലിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിട്ടുണ്ട്. ശനിയാഴ്ച വൈകിട്ടോടെ യോഗം അവസാനിച്ച ശേഷം സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരേയുള്ള നടപടി പ്രിന്‍സിപ്പല്‍ വിശദീകരിച്ചേക്കുമെന്നാണ് സൂചന. ദിവസങ്ങള്‍ക്ക് മുമ്പാണ് ഒന്നാം വര്‍ഷ പി.ജി. വിദ്യാര്‍ഥി റാഗിങ് കാരണം കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പഠനം അവസാനിപ്പിച്ച് മറ്റൊരു കോളേജിലേക്ക് മാറിയത്. സീനിയര്‍ പി.ജി. വിദ്യാര്‍ഥികള്‍ മാനസികമായി പീഡിപ്പിക്കുന്നതായും അമിതമായി ജോലി ചെയ്യിപ്പിക്കുന്നതായും ഒന്നാംവര്‍ഷ പി.ജി. വിദ്യാര്‍ഥി പരാതിയില്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് രണ്ട് സീനിയര്‍ പി.ജി. വിദ്യാര്‍ഥികളെ കോളേജില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. റാഗിങ് നിരോധനനിയമപ്രകാരം ഇവര്‍ക്കെതിരേ പോലീസും കേസെടുത്തിരുന്നു.