റാഗിങ് ഭയന്ന് പഠനം നിര്‍ത്തി; അഞ്ച് ലക്ഷം അടച്ചാലെ സര്‍ട്ടിഫിക്കറ്റ് തരൂ എന്ന് അധികൃതര്‍

കോഴിക്കോട്: റാഗിങ് ഭയന്ന് പഠനം നിര്‍ത്തിയ നഴ്സിംഗ് വിദ്യാര്‍ത്ഥിക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് കോളേജ് അധികൃതര്‍. തമിഴ്‌നാട്ടിലെ ശ്രീനിവാസന്‍ കോളേജില്‍ നഴ്‌സിംഗ് പഠനത്തിന് ചേര്‍ന്ന കോഴിക്കോട് സ്വദേശിനി ആതിര സര്‍ട്ടിഫിക്കറ്റ് തിരികെ ചോദിച്ചപ്പോഴാണ് അഞ്ച് ലക്ഷം അടയ്ക്കാതെ സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.

പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ ആതിരയ്ക്ക് നഴ്‌സ് ആകണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ കോളേജില്‍ എത്തിയ ആതിരയ്ക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും ഭയപ്പെടുത്തുന്ന റാഗിംഗ് മുറകളാണ് നേരിടേണ്ടി വന്നത്. ഇതോടെ പഠിത്തം ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു. കോഴ്‌സ് ഫീസായി ഒന്നര ലക്ഷം രൂപ കോളേജില്‍ ആതിര അടച്ചിരുന്നു.

പണമൊഴിച്ച് രേഖകള്‍ തിരികെ നല്‍കാന്‍ കോളേജ് അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നാലു വര്‍ഷത്തെ മുഴുവന്‍ ഫീസായ അഞ്ചു ലക്ഷം രൂപ അടച്ചാല്‍ മാത്രമേ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ നല്‍കൂ എന്ന നിലപാടാണ് കോളേജ് ആധികൃതര്‍ സ്വീകരിച്ചത്. സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടാത്തതിനാല്‍ ആതിരയ്ക്ക് തുടര്‍ പഠനത്തിനും സാധിക്കുന്നില്ല എന്നാണ് പരാതി. സംഭവം ചൂണ്ടിക്കാട്ടി പൊലീസിനും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്

Top