ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെതിരെ രൂക്ഷ വിമര്‍ശവുമായി വീണ്ടും ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമി. ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥ തകര്‍ക്കാന്‍ രഘുറാം രാജന്‍ ടൈം ബോംബ് തയ്യാറാക്കിയിട്ടുണ്ടെന്നും അത് ഡിസംബറില്‍ പൊട്ടിത്തെറിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ട്വിറ്ററിലാണ് സ്വാമി രഘുറാം രാജനെതിരെ രംഗത്ത് വന്നത്. 2400 കോടി ഡോളറിന്റെ സാമ്പത്തിക ബാധ്യതയിലേക്ക് ഇന്ത്യയിലെ ബാങ്കുകള്‍ എത്തിച്ചേരും. അത് ഇന്ത്യയുടെ സാമ്പത്തിക നില തകര്‍ക്കുമെന്നും സ്വാമി പറയുന്നു.
കഴിഞ്ഞ 2013 ലാണ് രഘുറാം രാജന്‍ ബോംബ് നിര്‍മ്മിച്ചത്. അതിന്റെ പ്രത്യാഘാതം ഡിസംബറില്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്.രഘുറാം രാജനെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് സ്വാമി രണ്ട് പ്രാവശ്യം പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
വളരെ ഗുരുതരമായ ആരോപണങ്ങളാണ് രഘുറാം രാജനെതിരെ അടുത്തിടെ സ്വാമി ഉന്നയിച്ചിരുന്നത്. രഘുറാം രാജന്‍ ഇന്ത്യയിലെ സാമ്പത്തിക രഹസ്യങ്ങള്‍ വിദേശത്തേക്ക് കടത്തിയെന്നാണ് സ്വാമിയുടെ പ്രധാന ആരോപണം.
അമേരിക്കന്‍ ഗ്രീന്‍ കാര്‍ഡുള്ള രഘുറാം രാജന്‍ ഇന്ത്യന്‍ പൗരന്‍ അല്ലെന്നാണ് സ്വാമിയുടെ മറ്റൊരു ആരോപണം.റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്റെ കാലാവധി സെപ്റ്റംബറില്‍ അവസാനിക്കുകയാണ്.