ഒരു സ്ത്രീയുടെ കാല് കണ്ടാല്‍ വൃണപ്പെടുന്നതാണോ നിങ്ങളുടെ മതവികാരമെന്ന് രഹനാ ഫാത്തിമ

പത്തനംതിട്ട: ഒരു സ്ത്രീയുടെ കാല് കണ്ടാല്‍ വൃണപ്പെടുന്നതാണോ നിങ്ങളുടെ മതവികാരമെന്ന് രഹനാ ഫാത്തിമയുടെ പ്രതികരണം. ശബരിമല വിഷയത്തില്‍ മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ ഫേസ്ബുക്ക് പോസ്റ്റിട്ട കേസില്‍ അറസ്റ്റിലായ രഹനാ ഫാത്തിമയെ പത്തനംതിട്ടയില്‍ എത്തിച്ചപ്പോഴായിരുന്നു പ്രതികരണം.

പത്തനംതിട്ട സി.ഐ ഓഫീസിന് മുന്നില്‍ തടിച്ച് കൂടിയിരുന്ന ആളുകള്‍ കൂക്കിവിളികളോടെയാണ് രഹനാ ഫാത്തിമയെ സ്വീകരിച്ചത്. എന്നാല്‍ കൂകാന്‍ പോലും അറിയാത്ത ചിലര്‍ തനിക്കെതിരെ കുരയ്ക്കുകയാണെന്നും ഇതിലൂടെ സ്വന്തം സംസ്‌ക്കാരമെന്താണെന്ന് അവര്‍ തെളിയിച്ചുവെന്നും രഹനാ ഫാത്തിമ പറഞ്ഞു.

രഹനാ ഫാത്തിമയെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ബിഎസ്എന്‍എല്‍ സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ മാസം 20നാണ് കേസെടുത്തിരുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് ശ്രമിക്കുന്നതിനിടെയാണ് രഹന അറസ്റ്റിലായത്. ശബരിമലയില്‍ പ്രവേശിക്കുന്നതിന് ശ്രമിച്ച രഹനയുടെ നീക്കം വലിയ പ്രതിഷേധമാണ് സന്നിധാനത്ത് ഉണ്ടാക്കിയത്. പൊലീസ് സഹായത്തോടെ യൂണിഫോം ധരിച്ചായിരുന്നു ഇവര്‍ ശബരിമല ദര്‍ശനത്തിന് ശ്രമിച്ചത്.

യുവതികള്‍ പ്രവേശിച്ചാല്‍ ശ്രീകോവില്‍ അടയ്ക്കുമെന്ന് തന്ത്രിയും പൊലീസിനോട് മടങ്ങാന്‍ ദേവസ്വം മന്ത്രിയും നിര്‍ദ്ദേശിച്ചതോടയാണ് രഹന തിരിച്ചിറങ്ങിയത്. സന്നിധാനത്ത് നിന്നും രഹ്ന ഫാത്തിമയും വനിതാ ജേര്‍ണലിസ്റ്റ് കവിതയും പൊലീസ് സംരക്ഷണയിലാണ് തിരിച്ചിറങ്ങിയത്.

വിശ്വാസികളുടെ താല്‍പര്യത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും ശക്തി തെളിയിക്കാനുള്ള ശ്രമമായുള്ള ആക്ടിവിസ്റ്റുകളുടെ ശ്രമത്തിനെ സര്‍ക്കാര്‍ പിന്തുണയ്ക്കില്ലെന്നും കടകംപള്ളി പറഞ്ഞിരുന്നു. വിശ്വാസികളായ സ്ത്രീകള്‍ ശബരിമലയില്‍ കയറാന്‍ എത്തിയാല്‍ സര്‍ക്കാര്‍ അവര്‍ക്കൊപ്പം ഉണ്ടാവും. ഭക്തരായുള്ള ആളുകള്‍ വന്നാല്‍ അവര്‍ക്ക് സംരക്ഷണം കൊടുക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നും കടകംപള്ളി സുരേന്ദ്രന്‍ അന്ന് വ്യക്തമാക്കിയിരുന്നു.

Top